ബ്രഹ്മപുത്രയിലല്ല, ടിബറ്റന്‍ നദികളിലാണ് വൈദ്യുതി പദ്ധതികള്‍ നിര്‍മിക്കുന്നത് വ്യക്തമാക്കി ചൈന

ബെയ്ജിങ് : തങ്ങളുടെ വൈദ്യുതി പദ്ധതികള്‍ നിര്‍മിക്കുന്നത് ബ്രഹ്മപുത്രയിലല്ല, ടിബറ്റന്‍ നദികളിലാണെന്ന് വ്യക്തമാക്കി ചൈന.

ടിബറ്റിനോടു ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളില്‍ അണക്കെട്ടു നിര്‍മിക്കുന്നതിനാണു ചൈനയുടെ നീക്കമെന്ന് ചൈനീസ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ബ്രഹ്മപുത്രയിലെ വെള്ളം വഴിതിരിച്ചുവിടാന്‍ 1000 കിലോമീറ്റര്‍ നീളമുള്ള ടണല്‍ ചൈന നിര്‍മിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ചൈനയില്‍ യാര്‍ലുങ് ടിസാങ്‌പോ എന്നറിയപ്പെടുന്ന ബ്രഹ്മപുത്രയില്‍ വിവിധ വൈദ്യുതി പദ്ധതികള്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ചൈനയില്‍നിന്ന് ഇന്ത്യയിലേക്ക് ഒഴുകുന്ന നദികളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് ഗ്ലോബല്‍ ടൈംസ് പറയുന്നത്.

അതേസമയം ടിബറ്റിലെ പ്രധാന നദികളായ ജിന്‍ഷ, ലാങ്കാങ്, നുജിയാങ് എന്നിവയിലാണ് വൈദ്യുതി പദ്ധതി നടപ്പാക്കാന്‍ പോകുന്നതെന്നും ലേഖനം വ്യക്തമാക്കിയിട്ടുണ്ട്.

ചൈന, ഇന്ത്യ, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളിലൂടെ ഒഴുകുന്ന ഒരു വലിയ നദിയാണ് ബ്രഹ്മപുത്ര.

ഇന്ത്യയും ചൈനയുമെല്ലാം ബ്രഹ്മപുത്രയില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. 12000 മെഗാവാട്ടാണ് ബ്രഹ്മപുത്രയുടെ വൈദ്യുതോത്പാദനശേഷിയായി കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ 160 മെഗാവാട്ടോളം വൈദ്യുതി മാത്രമാണ് ഇപ്പോള്‍ ഉല്‍പാദിപ്പിക്കുന്നത്.

Top