ഇസ്താംബുള്‍ : ചൈനയിലെ വന്‍ മതില്‍ എവിടെയാണന്നുളള ചോദ്യം ഇരുപത്തിയാറുകാരിയായ എക്കണോമിക്‌സ് വിദ്യാര്‍ത്ഥിനിയെ കണ്‍ഫ്യൂഷനാക്കുന്ന വീഡിയോ വൈറലാവുന്നു. ആഗസ്റ്റ് നാലിന് തുര്‍ക്കിഷ് ചാനലായ എടിവിയില്‍ കോടീശ്വരന്റെ തുര്‍ക്കി പതിപ്പില്‍ മല്‍സരാര്‍ത്ഥിക്ക് ലഭിച്ച ചോദ്യമാണ് വൈറലായിരിക്കുന്നത്.
വീഡിയോ പുറത്ത് വന്നതിന് പിന്നാലെ പെണ്‍കുട്ടിയും വൈറലായിട്ടുണ്ട്. ചൈന, ഇന്ത്യ, ദക്ഷിണ കൊറിയ, ജപ്പാന്‍ ഇവയാണ് ഉത്തരങ്ങള്‍ ആയി നല്‍കിയിരുന്നത്. ഇവയില്‍ നിന്ന് യഥാര്‍ത്ഥ ഉത്തരം കണ്ടെത്താനാവാതെ വലഞ്ഞ മല്‍സരാര്‍ത്ഥി ഇപയോഗിച്ചത് രണ്ട് ലൈഫ് ലൈനുകളാണ്.
എന്നാല്‍ പ്രേക്ഷകരില്‍ നിന്ന് ഉത്തരം സ്വീകരിക്കാനുള്ള ലൈഫ് ലൈനാണ് സു ആയ്ഷാന്‍ ആദ്യം ഉപയോഗിച്ചത്. എന്നാല്‍ പ്രേക്ഷകരില്‍ 51 ശതമാനം ആളുകള്‍ ചൈന എന്ന ഉത്തരം തിരഞ്ഞെടുത്തു. ബാക്കിയുള്ളവരില്‍ ചിലര്‍ ദക്ഷിണ കൊറിയയും, മറ്റ് ചിലര്‍ ജപ്പാനും തിരഞ്ഞെടുത്തതോടെ സു ആയ്ഷാന്‍ ഫോണില്‍ സുഹൃത്തിനെ വിളിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സുഹൃത്ത് ശരിയുത്തരം നല്‍കിയതോടെ വലിയൊരു നാണക്കേടുണ്ടാകാതെ അടുത്ത റൗണ്ടിലേക്ക് കടക്കാന്‍ യുവതിക്ക് സാധിക്കുകയായിരുന്നു.
ഇത്ര എളുപ്പമുള്ള ചോദ്യത്തിന് മറുപടി നല്‍കാന്‍ സാധിക്കാത്തതില്‍ യുവതിയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ ലൈഫ് ലൈന്‍ എപ്പോള്‍ ഉപയോഗിക്കണമെന്നുള്ളത് മല്‍സരാര്‍ത്ഥിയുടെ സ്വാതന്ത്ര്യമാണെന്ന് സു ആയ്ഷാന്‍ വിശദമാക്കി. എളുപ്പമുള്ള ചോദ്യം നല്‍കിയപ്പോള്‍ അതൊരു കെണിയാണെന്ന് തനിക്ക് തോന്നിയതാണ് സംഭവത്തിന് പിന്നിലെന്നാണ് സു പറയുന്നത്.
അടുത്ത റൗണ്ടിലെത്തിയ സു ആയ്ഷാന്‍ തൊട്ടടുത്ത ചോദ്യത്തോടെ മല്‍സരത്തില്‍ നിന്ന് പുറത്താവുകയും ചെയ്തു. പ്രശസ്തമായ തുര്‍ക്കി ഗാനത്തിന്റെ രചയിതാവാരാണെന്നതായിരുന്നു സു ആയ്ഷാന്‍ നേരിട്ട അടുത്ത ചോദ്യം. നേരത്തെയും മല്‍സരത്തില്‍ പങ്കെടുക്കുന്ന ആളുകളുകള്‍ നല്‍കിയ ഉത്തരങ്ങള്‍ തുര്‍ക്കിയിലെ വിദ്യാഭ്യാസ രീതിയ്ക്ക് നേരെ വരെയും വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. സു ആയ്ഷാന്‍ എന്ന മല്‍സരാര്‍ത്ഥിയുടെ വീഡിയോ കുറഞ്ഞ സമയത്തിനുള്ളിലാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തത്.