യുക്രെയിനില്‍ റഷ്യ നടത്തുന്ന അധിനിവേശത്തിന് പിന്നില്‍ ബൈഡന്‍ ഭരണകൂടമാണെന്ന് ചൈന

ബീജിംഗ്: യുക്രെയിനില്‍ റഷ്യ നടത്തുന്ന അധിനിവേശത്തിന് പിന്നില്‍ യഥാര്‍ത്ഥത്തില്‍ അമേരിക്കയും അവിടത്തെ ബൈഡന്‍ ഭരണകൂടവുമെന്ന് ചൈന.

അടുത്ത് പുറത്തിറങ്ങിയ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ ഴോങ് ഷെങ്ങില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണ് ഈ വാദം നിരത്തിയിരിക്കുന്നത്. നാറ്റോയും അമേരിക്കയും റഷ്യയുടെ സ്വാധീന മേഖലകളിലേക്ക് തങ്ങളുടെ നിയന്ത്രണം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ചതിനാലാണ് റഷ്യ യുക്രെയിനില്‍ സൈനിക നീക്കം നടത്താന്‍ നിര്‍ബന്ധിതരായതെന്ന് ചൈനീസ് പത്രത്തിലെ ലേഖനത്തില്‍ പറയുന്നു. അന്താരാഷ്ട്ര തലത്തിലുള്ള വിഷയങ്ങളില്‍ ചൈനയുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കാന്‍ ഉപയോഗിക്കുന്ന മാസികയാണ് ഴോങ് ഷെങ്ങ്.

മറ്റ് ലോകരാഷ്ട്രങ്ങളുടെ മേല്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നതിന് വേണ്ടി അമേരിക്ക നാറ്റോയെ ഉപയോഗിക്കുകയാണെന്നും യു എസിന്റെ നേതൃത്വത്തില്‍ നാറ്റോ കുറേയേറെ നാളുകളായി റഷ്യയിലും പരിസരപ്രദേശങ്ങളിലും അനാവശ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ലേഖനത്തില്‍ ആരോപിക്കുന്നു. റഷ്യന്‍ അധിനിവേശത്തില്‍ അമേരിക്കയുടെ പങ്കെന്ന വിഷയത്തില്‍ ഴോങ് ഷെങ്ങ് ഒരു ലേഖന പരമ്പര തന്നെ തയ്യാറാക്കുന്നുണ്ടെന്നും അതില്‍ ആദ്യത്തേതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതുമെന്നാണ് ചൈനയിലെ മാദ്ധ്യമപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.

തങ്ങളുടെ അടുത്ത സുഹൃത്തായ റഷ്യയെ ഒരുതരത്തിലും വിമര്‍ശിക്കാന്‍ ഇതുവരെ മുതിര്‍ന്നിട്ടില്ലാത്ത ചൈന അതേസമയം അമേരിക്കയെ കുത്താന്‍ കിട്ടുന്ന ഒരു അവസരവും ഇന്നേവരെ പാഴാക്കിയിട്ടില്ല. കൊവിഡ് ലോകമൊട്ടാകെ പടര്‍ന്നുപിടിച്ച സമയത്ത് കൊവിഡ് അണുക്കള്‍ ഉണ്ടായത് അമേരിക്കയിലെ ഒരു ലാബില്‍ നിന്നുമായിരുന്നെന്ന് ഴോങ് ഷെങ്ങില്‍ ആരോപണമുണ്ടായിരുന്നു.

Top