ചൈന ഇന്ത്യയിലേക്ക് കടന്നുകയറി, എന്നാല്‍ മോദിസര്‍ക്കാര്‍ ഇതില്‍ ഇടപെടലുകള്‍ നടത്തുന്നില്ല; രാഹുല്‍ഗാന്ധി എംപി

ഡല്‍ഹി: ഇന്ത്യയുടെ ഭൂമി ചൈന കടന്നു കയറി പിടിച്ചെടുത്തെന്ന് രാഹുല്‍ഗാന്ധി എം പി. ലഡാക്ക് സന്ദര്‍ശനത്തിനിടയിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോഴും ഒരിഞ്ചു സ്ഥലം പോലും പോയില്ല എന്നാണ് പറയുന്നത്. എന്നാല്‍ ഇവിടുത്തെ ജനങ്ങള്‍ അതല്ല പറയുന്നതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. ഇന്ത്യ-ചൈന പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് രാഹുലിന്റെ വിമര്‍ശനം.

നിലവില്‍ പാങ്കോങ്ങിലാണ് രാഹുല്‍ ഗാന്ധിയുള്ളത്. രാജീവ് ഗാന്ധിയുടെ ജന്മ ദിനത്തില്‍ പാങ്കോങ്ങില്‍ രാഹുല്‍ പൂജ നടത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. പുഷ്പാര്‍ച്ചനയ്ക്കു ശേഷം പുറത്തുവന്ന് രാഹുല്‍മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. ലഡാക്കിലെ ജനങ്ങളുമായി സംസാരിച്ചെന്ന് രാഹുല്‍ പറഞ്ഞു. ചൈന ഇന്ത്യയിലേക്ക് കടന്നുകയറിയെന്ന് ജനങ്ങള്‍ പറഞ്ഞതായി രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരം കാര്യങ്ങളില്‍ ഇടപെടലുകള്‍ നടക്കുന്നില്ലെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ കണ്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബ്രിക്‌സ് ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ചയ്ക്ക് സാധ്യത. കൂടിക്കാഴ്ച്ചയില്‍ അതിര്‍ത്തി തര്‍ക്കം ചര്‍ച്ചയാവുമെന്നാണ് സൂചന. ഗല്‍വാന്‍ സംഘര്‍ഷത്തിനു ശേഷമുള്ള ആദ്യ ചര്‍ച്ചയായിരിക്കും ഇത്.

Top