ശ്രീനഗര്‍: കിഴക്കന്‍ ലഡാക്കിന് സമീപം ചൈന മിസൈല്‍, റോക്കറ്റ് റെജിമെന്റുകളെ വിന്യസിക്കാന്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തിക്ക് സമീപത്തായി പുതിയ ഹൈവേകളും റോഡുകളും ചൈന നിര്‍മ്മിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് പ്രകോപനം.
കിഴക്കന്‍ ലഡാക്കിന് എതിര്‍വശത്തുള്ള അക്‌സായി ചിന്‍ മേഖലയിലാണ് ചൈനീസ് സൈന്യം പുതിയ ഹൈവേ നിര്‍മ്മിക്കുന്നതെന്നാണ് സൂചന. ഉന്നത സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ടിബറ്റന്‍ സ്വയംഭരണ മേഖലയുടെ സമീപത്തായി മിസൈല്‍, റോക്കറ്റ് റെജിമെന്റുകള്‍ എന്നിവ വിന്യസിച്ചതിനൊപ്പം പ്രദേശത്ത് സൈനിക ക്യാമ്പുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
പ്രദേശത്ത് നിരീക്ഷണ ഡ്രോണുകളുടെ വിന്യാസവും ചൈന വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പ്രദേശവാസികളായ ടിബറ്റുകാരെ റിക്രൂട്ട് ചെയ്യാനും ചൈനീസ് സൈനികര്‍ക്കൊപ്പം അതിര്‍ത്തി ഔട്ട്‌പോസ്റ്റുകളില്‍ അവരെക്കൂടി വിന്യസിക്കാനും ചൈന ശ്രമിക്കുന്നുണ്ടെന്നാണ് സൂചന. കഴിഞ്ഞ ശൈത്യകാലത്തെ അപേക്ഷിച്ച് ഇത്തവണ ക്യാമ്പുകളുടെയും റോഡുകളുടെയുമൊക്കെ കാര്യത്തില്‍ ചൈന ഒരുപാട് മുന്നോട്ട് പോയിട്ടുണ്ടെന്നാണ് ഇതൊക്കെ നല്‍കുന്ന സൂചന.