ബീജിംങ്: ചൈനയുടെ പ്രതിരോധ മന്ത്രി ഇന്ന് ഇന്ത്യ സന്ദര്‍ശിക്കും. നാല് ദിവസത്തേ സന്ദര്‍ശനത്തിനാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. ഇന്ത്യയുമായുള്ള ചൈനയുടെ ബന്ധം ഊട്ടിയുറപ്പിക്കാന്‍ പ്രത്യേകിച്ച് സൈനിക മേഖല ഉള്‍പ്പെടെയുള്ള മേഖലകളില്‍ ബന്ധം ശക്തമാക്കാനാണ് നാല് ദിവസത്തെ ഇന്ത്യന്‍ യാത്ര കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പ്രതിരോധ മന്ത്രി ലഫ് ജനറല്‍ വീയ് ഫെങ്‌ഹേ അറിയിച്ചു.
ഇന്ത്യന്‍ പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനുമായി ചൈനയുടെ പ്രതിരോധ മന്ത്രി വീയ് ഫെങ്‌ഹേ കൂടിക്കാഴ്ച നടത്തും. നിര്‍മ്മല സീതാരാമനും വീയ് ഫെങ്‌ഹേയുമായി നടക്കുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണ് നടക്കുന്നത്.
രണ്ടര മാസംനീണ്ട സംഘര്‍ഷാവസ്ഥ 2017 ഓഗസ്റ്റില്‍ അവസാനിച്ചതിനു പിന്നാലെ ഇന്ത്യയും ചൈനയും ഡോക്‌ലാമിലെ സൈനികരുടെയെണ്ണം കുറച്ചിരുന്നു. അതിനുശേഷം ഡോക്‌ലാമിലെ സ്ഥിതിഗതികള്‍ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് പ്രതിരോധമന്ത്രി നേരത്തെ പറഞ്ഞിരുന്നു.
വീണ്ടും അത്തരമൊരു സാഹചര്യത്തിലേക്ക് രാജ്യത്തെ നയിക്കാതിരിക്കാനുള്ള എല്ലാം മുന്‍ കരുതലുകളും സേന സ്വീകരിച്ചിട്ടുണ്ട് എന്നും അവര്‍ പറഞ്ഞിരുന്നു. ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി വ്യത്യസ്ത തലത്തിലുള്ള 20 മീറ്റിംഗുകളായിരുന്നു നടന്നത്.