China-India In A New Face-Off After Incursion In Ladakh

വാഷിംങ്ടണ്‍: ചൈനക്കെതിരെ പോലും കടുത്ത നിലപാട് സ്വീകരിക്കാനും ഏറ്റുമുട്ടാന്‍ പോലും തയ്യാറാണെന്ന നിലപാടുമായി മുന്നോട്ട് പോകുന്ന ഇന്ത്യന്‍ നടപടിയില്‍ അന്തംവിട്ട് ലോകരാഷ്ട്രങ്ങള്‍.

കഴിഞ്ഞ ദിവസം ലഡാക്കില്‍ അതിക്രമിച്ച് കയറിയ ചൈനീസ് സേനയെ തുരത്തിയ ഇന്ത്യന്‍സേനയുടെ നടപടിയാണ് അമേരിക്കയുള്‍പ്പെടെയുളള വന്‍ശക്തികളെ ഞെട്ടിച്ചത്.

തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ നടന്ന് വരുന്ന ജലസേചന കനാലിന്റെ നിര്‍മ്മാണം തടയുന്നതിനായി ലഡാക്കിലെത്തിയ 55 അംഗ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അംഗങ്ങളെയാണ് ഇന്ത്യോ-ടിബററന്‍ സേന തുരത്തിയത്.

നിയന്ത്രണരേഖയില്‍ ഇരു വിഭാഗത്തെയും സൈനികര്‍ നേര്‍ക്ക് നേര്‍ അണിനിരന്നതും ചൈനീസ് സേനയെ നിയന്ത്രണരേഖയില്‍ നിന്ന് ഒരിഞ്ച് മുന്നോട്ട് നീങ്ങാന്‍ ഇന്ത്യന്‍സേന അനുവദിക്കാതിരുന്നതും പാകിസ്ഥാനെയും ഞെട്ടിച്ചിരുന്നു.

കാശ്മീരിലെ അതിര്‍ത്തിയില്‍ പാക് പ്രകോപനത്തിന് ശക്തമായ തിരിച്ചടി നല്‍കിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ സൈന്യം പാകിസ്ഥാന്റെ അടുത്ത സുഹൃത്തും സഹായിയുമായ ചൈനയുമായും ഒരേ സമയം ഏറ്റുമുട്ടാന്‍ തയ്യാണെന്ന സന്ദേശം നല്‍കിയത് പാക് സൈനിക അധികൃതരെപ്പോലും അമ്പരപ്പിച്ചതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

indian-army

പ്രശ്‌ന പ്രദേശത്തിന് സമീപം പടുകൂറ്റന്‍ സൈനിക ചരക്ക് വിമാനമിറക്കിയ ഇന്ത്യയുടെ നടപടി ചൈനക്കുളള മുന്നറിയിപ്പായിട്ടാണ് അമേരിക്ക കാണുന്നത്.

ഇത്തരം വിമാനങ്ങള്‍ വഴി സൈനകരെയും സൈനിക വാഹനങ്ങളെയും വന്‍തോതില്‍ ഇറക്കാന്‍ ഇന്ത്യയ്ക്ക് കഴിയും. അതായത് വേണ്ടിവന്നാല്‍ ഒരു ഏറ്റുമുട്ടലിന് തയ്യാറാണെന്ന വ്യക്തമായ സന്ദേശം.

സമുദ്ര നിരപ്പില്‍ നിന്ന് 6,200 അടി ഉയരത്തിലുളള മേഖലയില്‍ സി 17 വിമാനമാണ് പറന്നിറങ്ങിയത്. ചൈനീസ് അതിര്‍ത്തിയിലേക്ക് ഇവിടെ നിന്ന് 29 കിലോമീറ്റര്‍ മാത്രമാണുളളത്. അതിര്‍ത്തിയില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് മുന്‍കൂര്‍ അനുമതി തേടണമെന്ന നിബന്ധന ഇന്ത്യ ലംഘിച്ചതായാണ് ചൈനയുടെ ആരോപണം. എന്നാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമേ പരസ്പരം അത്തരം അനുമതിയുടെ ആവശ്യമുളളൂവെന്നാണ് ഇന്ത്യയുടെ വാദം.

പാക് ഭീകരന്‍ മസൂദ് അസറിന് അനുകൂലമായി യു.എന്നില്‍ ചൈന നിലപാട് സ്വീകരിക്കുന്നതും പാകിസ്ഥാനെ വഴിവിട്ട് സഹായിക്കുന്നതുമെല്ലാം നിലവില്‍ ഇന്ത്യ-ചൈന ബന്ധത്തെ വലിയ രൂപത്തില്‍ ബാധിച്ചിരിക്കുകയാണ്.

india china

ഏഷ്യയിലെ വന്‍ശക്തിയായ ചൈന ഇന്ത്യ അയല്‍രാജ്യങ്ങളുമായി ചേര്‍ന്ന് ഉണ്ടാക്കുന്ന മുന്നേറ്റത്തില്‍ അസ്വസ്ഥരാണ്.

ചൈനയുടെ പാക് അനുകൂല നിലപാടില്‍ പ്രതിഷേധിച്ച് ഇന്ത്യയില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ വന്ന അപ്രഖ്യാപിത ബഹിഷ്‌ക്കരണവും ചൈനയെ ചൊടിപ്പിച്ചിട്ടുണ്ട്.

ബലൂചിസ്ഥാനിലെയും അധിനിവേശ കാശ്മീരിലെയും ഗില്‍ഗിത്-ബാള്‍ട്ടിസ്ഥാനിലെയും വിഷയങ്ങള്‍ ഇന്ത്യ ഉയര്‍ത്തിക്കൊണ്ട് വരുന്നതാകട്ടെ ചൈനക്ക് വലിയ തിരിച്ചടിയുമാണ്.

പാകിസ്ഥാന്‍ വഴി ചൈന നിര്‍മ്മിക്കുന്ന സാമ്പത്തിക ഇടനാഴി തകര്‍ക്കാനാണ് ഇന്ത്യ ഇവിടെ ഇടപെടല്‍ നടത്തുന്നതെന്നാണ് ചൈനയുടെ ആരോപണം.

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇന്ത്യക്ക് താരതമ്യേന സൈനികമായി ദൗര്‍ബല്യമുളള പ്രദേശമാണ് പാകിസ്ഥാന്റെ നിയന്ത്രണത്തിലുളള ഗില്‍ഗിംഗ്-ബാള്‍ട്ടിസ്ഥാനും, ഇന്ത്യയുടെ ലഡാക്കും ചൈനയുടെ നിയന്ത്രണത്തിലുളള അക്‌സായ് ചിന്നും കൂടി ചേരുന്ന പടിഞ്ഞാറന്‍ സെക്ടറും.

ഇവിടെയാണ് ഇപ്പോള്‍ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിച്ച് സൈനിക ശക്തി വര്‍ദ്ധിപ്പിക്കുന്നത്. പാകിസ്ഥാനെ സംബന്ധിച്ചും ചൈനയെ ഇത് സംബന്ധിച്ചും ആശങ്ക ഉയര്‍ത്തുന്ന കാര്യമാണ്.

അരുണാചല്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ അതിര്‍ത്തിയില്‍ ചൈനീസ് സൈന്യത്തെ അപേക്ഷിച്ച് ഇന്ത്യന്‍ സൈന്യത്തിന് വ്യക്തമായ മുന്‍തൂക്കമുണ്ട്. 2009 മുതല്‍ അരുണാചല്‍ അതിര്‍ത്തി ഇന്ത്യ ശക്തമാക്കികൊണ്ടിരിക്കുകയാണ്. ഭൗതിക സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ 2010-11 കാലത്ത് രണ്ട് ഡിവിഷന്‍ സൈന്യത്തെ പുതുതായി ഇവിടെ നിയോഗിച്ചിരുന്നു.

2012-2013 കാലഘട്ടങ്ങളിലായി പുതുതായി ഒരു പ്രഹര കോര്‍ തന്നെ രൂപീകരിക്കുകയുണ്ടായി. അതിര്‍ത്തിയില്‍ പോര്‍ വിമാനങ്ങളെയും വിന്യസിപ്പിച്ചിട്ടുണ്ട്.

india china

ആവശ്യമെങ്കില്‍ ചൈനീസ് ടിബറ്റിലേക്ക് കയറി ആക്രമിക്കാനുളള സൈനിക ശേഷി ഇവിടെ മാത്രം ഇന്ത്യക്കുണ്ട്. ഇക്കാര്യം അറിയാവുന്നത് കൊണ്ടാണ് അരുണാചല്‍ മേഖലയില്‍ പ്രകോപനത്തിന് മുതിരാതെ ലഡാക്ക് മേഖലയില്‍ ചൈന പ്രകോപനമുണ്ടാക്കുന്നത്.

ഇപ്പോഴത്തെ പുതിയ നീക്കത്തോടെ അതിന് ഇന്ത്യ ചുട്ട മറുപടി നല്‍കിയിരിക്കുകയാണ്.

ഇന്ത്യ – പാക് യുദ്ധമുണ്ടായാലും – ഇന്ത്യ ചൈന യുദ്ധമുണ്ടായാലും ആ രാജ്യങ്ങളുമായുളള യുദ്ധം മാത്രമായി ഒതുങ്ങില്ലെന്ന് ഏറ്റവും നന്നായി അറിയാവുന്ന രാജ്യമാണ് ചൈന.

കാര്യങ്ങള്‍ ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് എത്തിയാല്‍ ഇന്ത്യയ്‌ക്കൊപ്പം റഷ്യയും അമേരിക്കയും ജപ്പാനും, ബ്രിട്ടനും, ഫ്രാന്‍സും മാത്രമല്ല ചൈനീസ് അതിര്‍ത്തിയിലെ മിക്ക രാജ്യങ്ങളും നില്‍ക്കുമെന്ന തിരിച്ചറിവും ചൈനയ്ക്കുണ്ട്.

പാക്-ഇന്ത്യ ഏറ്റുമുട്ടല്‍ ഉണ്ടായാല്‍ സ്വപ്ന പദ്ധതിയായ സാമ്പത്തിക ഇടനാഴി ഇന്ത്യ തകര്‍ക്കുമെന്നും ബലൂചിസ്ഥാനേയും പാക് അധീന കാശ്മീരിനേയും ഇന്ത്യ മോചിപ്പിക്കുമെന്നും ചൈനീസ് ഭരണാധികാരികള്‍
കണക്ക്കൂട്ടുന്നുണ്ട്.

ചൈനയുടെ വളര്‍ച്ച തടയുന്നതിന് ഇന്ത്യയെ മുന്‍നിര്‍ത്തി അമേരിക്ക ഉള്‍പ്പെടെയുളള ലോകശക്തികള്‍ നിലവിലെ സാഹചര്യം ഉപയോഗപ്പെടുത്തുമെന്നാണ് അവരുടെ കണക്ക് കൂട്ടല്‍.

മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി ഇന്ത്യ സൈനികശേഷി വര്‍ദ്ധിപ്പിക്കുന്നതും അത്യാധുനിക ആയുധങ്ങളും പോര്‍ വിമാനങ്ങളുമെല്ലാം വാങ്ങി കൂട്ടുന്നതും പാകിസ്ഥാന്റെ മാത്രമല്ല ചൈനയുടെയും ഉറക്കം ഇപ്പോള്‍ കെടുത്തിയിരിക്കുകയാണ്.

റഷ്യ, അമേരിക്ക, ഫ്രാന്‍സ്,ഇസ്രായേല്‍ രാജ്യങ്ങളുമായി യുദ്ധോപകരണങ്ങള്‍ വാങ്ങിക്കൂട്ടുന്ന ഇന്ത്യ ഇപ്പോള്‍ ജപ്പാനുമായി 10,000 കോടിയുടെ ഇടപാടാണ് ഒപ്പ് വയ്ക്കാനൊരുങ്ങുന്നത്.

ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യക്ക് ലഭിക്കുന്ന പിന്‍തുണ തന്നെയാണ് അതിര്‍ത്തിയില്‍ പാക്കിസ്ഥാനും ചൈനയുമുയര്‍ത്തുന്ന പ്രകോപനങ്ങളെ നേരിടാന്‍ ഇന്ത്യക്ക് കരുത്ത് പകരുന്നത്.

Top