പാക്കിസ്ഥാനെ ‘തൊട്ടപ്പോൾ’ പൊള്ളിയത് ചൈനക്ക് ! ഇന്ത്യക്കെതിരെ ഗ്ലോബൽ ടൈംസ്

ബെയ്ജിങ്: ഐക്യരാഷ്ട്ര സഭയില്‍ പാക്കിസ്ഥാനെതിരെ രൂക്ഷമായി വിമര്‍ശനം ഉന്നയിച്ച് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് നടത്തിയ പ്രസംഗം ധാര്‍ഷ്ട്യവും അഹങ്കാരവും നിറഞ്ഞതെന്ന് ചൈന.

ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസാണ് ഇന്ത്യയെ കുറ്റപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്.

പാക്കിസ്ഥാനില്‍ ഭീകരവാദമുണ്ട്, എന്നാല്‍ ഇന്ത്യ ആരോപിക്കുന്നതുപോലെ ഭീകരരെ പിന്തുണയ്ക്കുന്നത് പാക്കിസ്ഥാന്റെ ദേശീയ നയമാണോയെന്നും, ഭീകരവാദം കയറ്റി അയയ്ക്കുന്നതുകൊണ്ട് പാക്കിസ്ഥാന്‍ എന്തു നേട്ടമാണ് ഉണ്ടാക്കുന്നതെന്നും ഗ്ലോബല്‍ ടൈംസ് ചോദിക്കുന്നു.

പണമോ ബഹുമതികളോ പാക്കിസ്ഥാന്‍ നേടുന്നുണ്ടോയെന്നും പത്രം ചോദ്യം ഉന്നയിക്കുന്നു.

യുഎന്‍ പൊതുസഭാ സമ്മേളനത്തിലാണ് സുഷമാ സ്വരാജ് പാക്കിസ്ഥാനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്.

ഇന്ത്യ ഡോക്ടര്‍മാരെയും എന്‍ജിനീയര്‍മാരെയും സൃഷ്ടിക്കുമ്പോള്‍ പാക്കിസ്ഥാന്റെ ലക്ഷ്യം ജിഹാദികളെ ഉണ്ടാക്കുന്നത് മാത്രമാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആരോപിച്ചിരുന്നു.

തീവ്രവാദത്തിനെതിരെ പാക്കിസ്ഥാന്‍ സ്വീകരിക്കുന്ന നിലപാട് വ്യത്യസ്തമാന്നെന്നും,പിന്നെങ്ങനെ നിങ്ങള്‍ തീവ്രവാദത്തിനെതിരെ പോരാടുമെന്നും സുഷമ പാക്കിസ്ഥാനോട് ചോദിച്ചിരുന്നു.

ഈ വിമര്‍ശനത്തിനെതിരെയാണ് ഉറ്റസുഹൃത്തായ പാകിസ്താനുവേണ്ടി ചൈന പരോക്ഷമായി സംസാരിക്കുന്നത്.

അടുത്തകാലത്തുണ്ടായ സാമ്പത്തിക വളര്‍ച്ചയും വിദേശ ബന്ധങ്ങളിലുണ്ടായ പുരോഗതിയും കൊണ്ട് അഹങ്കാരിയായ ഇന്ത്യ, പാക്കിസ്ഥാനെ വിലകുറച്ചു കാണാനും ചൈനയുമായി സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെടാനും തുടങ്ങിയെന്ന് ഗ്ലോബല്‍ ടൈംസ് ആരോപിക്കുന്നു.

പാകിസ്താനെ ബഹുമാനിക്കാനും ചൈനയുമായി സൗഹൃദം സൂക്ഷിക്കാനുമാണ് ഇന്ത്യ ശ്രമിക്കേണ്ടതെന്നുമുള്ള ഉപദേശവും പത്രത്തിന്റെ മുഖപ്രസംഗത്തില്‍ നല്‍കുന്നുണ്ട്.

73 ദിവസം നീണ്ടുനിന്ന ദോക് ലാം സംഘര്‍ഷം പരാമര്‍ശിച്ച് ചൈനയുടെ പ്രവൃത്തികളെ ഇന്ത്യ അവരുടെ യുക്തിക്കനുസരിച്ചാണ് വീക്ഷിക്കുന്നതെന്നും പത്രം ചൂണ്ടിക്കാട്ടുന്നു. ചൈനയുടെ വിദ്വേഷം ഇന്ത്യ ഇരന്നുവാങ്ങുകയാണെന്നും പത്രം പറയുന്നു.

പാകിസ്താനുമായി തങ്ങള്‍ സൗഹൃദത്തിലേര്‍പ്പെട്ടാല്‍ ഇന്ത്യ പറയും അവരെ നേരിടാനാണെന്ന്, ദോക് ലാമില്‍ റോഡ് നിര്‍മിച്ചാല്‍ അവര്‍ പറയും സിലിഗുരി ഇടനാഴിക്ക് ഭീഷണിയാണെന്ന്, ദക്ഷിണേഷ്യയിലേക്കുള്ള വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയെ ഇന്ത്യ കാണുന്നത് അവരെ വളയാനുള്ള തന്ത്രമെന്ന നിലയിലാണ്. ഇന്ത്യയുടെ താല്‍പര്യങ്ങളെല്ലാം ഇത്തരം യുക്തിയുടെ പുറത്തുള്ളതാണെന്നും ഗ്ലോബല്‍ ടൈംസ് കുറ്റപ്പെടുത്തുന്നു.

Top