നേപ്പാൾ വഴിയും സാമ്പത്തിക ഇടനാഴി . . ചൈന ലക്ഷ്യമിടുന്നത് ഇന്ത്യയെ തന്നെ !

china

ബെയ്ജിങ്: പാക്ക് അധീന കാശ്മീരിലൂടെ സാമ്പത്തിക ഇടനാഴി തീര്‍ക്കുന്ന ചൈന വീണ്ടും മറ്റൊരു തന്ത്രപരമായ നീക്കത്തിന്. ഹിമാലയം വഴി നേപ്പാള്‍ – ചൈന സാമ്പത്തിക ഇടനാഴി കൂടി സ്ഥാപിച്ച് ഇന്ത്യയെ ‘വരിഞ്ഞ് ‘മുറുക്കാനാണ് നീക്കം.

നേപ്പാളില്‍ പുതിയതായി അധികാരമേറ്റ കമ്യൂണിസ്റ്റ് സര്‍ക്കാറുമായി ചൈന ഇതു സംബന്ധമായി ധാരണയായതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയെ കൂടി സഹകരിപ്പിച്ചാണ് പുതിയ പാതയെന്ന് ചൈന പറയുന്നുണ്ടെങ്കിലും അത് അവരുടെ തന്ത്രം മാത്രമാണ്.

തുറമുഖം, ദേശീയപാത, വ്യോമ ഗതാഗതം, ഊര്‍ജം, വിവരസാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിലെല്ലാം പരസ്പര സഹകരണമാണു ചൈനയുടെ ലക്ഷ്യം. സഹകരണത്തിലൂടെ മൂന്നു രാഷ്ട്രങ്ങള്‍ക്കും വികസനം ഉണ്ടാകുമെന്ന് ചൈനീസ് വിദേശകാര്യ മേധാവി വാങ് യി പറഞ്ഞു.

ചൈനയും നേപ്പാളും ഇന്ത്യയും സുഹൃത്തുക്കളാണെന്നും പുഴകളും സമുദ്രങ്ങളും കൊണ്ടു ബന്ധിപ്പിക്കപ്പെട്ട അയല്‍ക്കാരാണു മൂന്നു രാഷ്ട്രങ്ങളെന്നും ലോകത്തിലെവിടെയും മൂന്നു രാജ്യങ്ങള്‍ക്കകത്തും എന്തു മാറ്റങ്ങളുണ്ടായാലും ഇക്കാര്യത്തില്‍ മാത്രം വ്യത്യാസമുണ്ടായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേപ്പാളിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുന്നതിനായി ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ ധാരണയുണ്ടായിരിക്കണമെന്നും വാങ് യി ആവശ്യപ്പെട്ടു.

അതേസമയം, ചൈനയുമായി പ്രശ്‌നങ്ങളില്ലാത്ത ബന്ധമാണു ലക്ഷ്യമെന്ന് നേപ്പാള്‍ വിദേശകാര്യമന്ത്രി പ്രദീപ് കുമാര്‍ ഗ്യവാലി പറഞ്ഞു. ചൈനയുമായി പുതിയ ഗതാഗത കരാറിലും നേപ്പാള്‍ ഒപ്പുവച്ചിട്ടുണ്ട്. ചരക്ക്, ഊര്‍ജ വിതരണങ്ങള്‍ക്കായി പതിറ്റാണ്ടുകളായി ഇന്ത്യയെ ആശ്രയിച്ചിരുന്ന നേപ്പാള്‍ 2016-ല്‍ അത് അവസാനിപ്പിച്ചിരുന്നു.

സാമ്പത്തിക ഇടനാഴി വഴി ചൈന ആത്യന്തികമായി ലക്ഷ്യമിടുന്നത് സൈനിക നീക്കങ്ങളാണെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. ഇതിനെതിരെ ശക്തമായ ബദല്‍ സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് സൈന്യം. ഇന്ത്യ ഒരു കാരണവശാലും ഈ പദ്ധതിയോട് സഹകരിക്കില്ലെന്നതാണ് കേന്ദ്രത്തിന്റെ നിലപാട്.

Top