ചൈന അനുഭവിച്ചേ പോകൂവെന്ന് ! പുതിയ വൈറസ് പിടിമുറുക്കുന്നു

ബെയ്ജിങ്: ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 മഹാമാരിയോട് ലോകമാകെ ഇപ്പോഴും പൊരുതിക്കൊണ്ടിരിക്കുമ്പോള്‍ ഇതാ പുതിയൊരു വൈറസ് ബാധ. 60 പേരില്‍ പുതിയ രോഗം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഏഴ് പേര്‍ക്ക് ജീവന്‍ നഷ്ടമായി.

ചെള്ളുകളില്‍ നിന്ന് ഉത്ഭവിക്കുന്ന ഒരുതരം വൈറസാണ് പുതിയ രോഗകാരി. മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയുള്ളതിനാല്‍ ജാഗ്രത വേണമെന്ന് ചൈനീസ് സര്‍ക്കാര്‍ മാധ്യമം മുന്നറിയിപ്പ് നല്‍കി.

കിഴക്കന്‍ ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ മുപ്പത്തിയേഴിലധികം പേര്‍ക്ക് ജൂണ്‍ മാസത്തില്‍ SFTSV ബാധിച്ചതായും പിന്നീട് അന്‍ഹൂയി പ്രവിശ്യയിലെ 23 പേര്‍ കൂടി രോഗബാധിതരായെന്നും റിപ്പോര്‍ട്ടുണ്ട്. രണ്ടിടങ്ങളിലുമായാണ് കുറഞ്ഞത് ഏഴ് പേര്‍ മരിച്ചത്.

ജിയാങ്സുവിന്റെ തലസ്ഥാനമായ നാന്‍ജിങ്ങിലെ വാങ് എന്ന സ്ത്രീയ്ക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇവര്‍ക്ക് പനിയും ചുമയും ആയിരുന്നു. ഇവരുടെ രക്തത്തിലേ പ്ലേറ്റ് ലെറ്റിന്റെയും ല്യൂക്കോസൈറ്റിന്റേയും കൗണ്ട് കുറയുന്നതായി കണ്ടു. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം വാങ് ആശുപത്രി വിട്ടെങ്കിലും ആന്‍ ഹ്യുയിലെയും ഷെജി യാങ്ങിലെയും ഏഴുപേരുടെ മരണത്തിനു ഈ വൈറസ് കാരണമായി.

എസ്.എഫ്.ടി.എസ് വൈറസായ പുതിയ രോഗകാരി ബന്യവൈറസ് വിഭാഗത്തില്‍ പെട്ടതാണ്. പുതിയ വൈറസ് അല്ലെന്നും രോഗകാരിയെ 2011ല്‍ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ചൈനീസ് അധികൃതര്‍ വ്യക്തമാക്കുന്നു.

Top