ഉയിഗുറുകള്‍ക്കെതിരെയുളള നടപടികളില്‍ ചൈനയെ വിമര്‍ശിച്ച് ന്യൂസിലാന്‍ഡ്

ക്രൈസ്റ്റ്ചർച്ച്:  ഉയിഗുറുകൾക്ക് നേരെ ചൈന നടത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ന്യൂസിലാൻഡ് പാർലമെന്റ്. ഐക്യകണ്‌ഠേന അംഗീകരിച്ച പ്രമേയത്തിലാണ് ചൈനയുടെ നടപടികളെ ന്യൂസിലാൻഡ് വിമർശിച്ചത്. എന്നാൽ ചൈനയുടെ നടപടി വംശഹത്യയാണെന്ന് പറയാൻ പാർലമെന്റ് മടിച്ചു.

ഗുരുതരമായ മനുഷ്യാവകാശ ധ്വംസനമെന്ന പ്രയോഗമാണ് ചൈനയുടെ ക്രൂരതകളെ സൂചിപ്പിക്കാൻ ഉപയോഗിച്ചത്. വലതുപക്ഷ പാർട്ടിയായ എസിടി പാർട്ടിയുടെ ഉപനേതാവും വിദേശകാര്യ വക്താവുമായ ബ്രൂക്ക് വാൻ വെൽഡൻ ആണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തിലെ വംശഹത്യയെന്ന പദപ്രയോഗം നീക്കാതെ ഭരണകക്ഷിയായ ലേബർ പാർട്ടി അംഗീകരിക്കില്ലെന്ന് അവർ പറഞ്ഞു. തുടർന്നാണ് ഗുരുതരമായ മനുഷ്യാവകാശ ധ്വംസനമെന്ന പ്രയോഗം പകരം ഉൾപ്പെടുത്തിയത്. ഇത്തരം ശക്തമായ വിഷയങ്ങളിൽ ഭാഷ മയപ്പെടുത്തുന്നതിൽ ഖേദമുണ്ടെന്നും ബ്രൂക്ക് വാൻ വെൽഡൻ പിന്നീട് പ്രസ്താവനയിൽ വ്യക്തമാക്കി.

ചൈന നടത്തുന്നത് വംശഹത്യയാണെന്ന് ബ്രിട്ടീഷ് പാർലമെന്റ് ഏപ്രിലിൽ പ്രഖ്യാപിച്ചിരുന്നു. ബ്രിട്ടനും യൂറോപ്യൻ യൂണിയനും ചേർന്ന് യുഎസിനും കാനഡയ്ക്കുമൊപ്പം ചൈനയ്‌ക്കെതിരേ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

Top