അതിര്‍ത്തിയില്‍ പ്രശ്‌നമില്ലെന്ന് ചൈന; മധ്യസ്ഥത വഹിക്കാമെന്ന് ട്രംപ്

ന്യൂഡല്‍ഹി: നിലവില്‍ ഇന്ത്യാ-ചൈന അതിര്‍ത്തികളില്‍ പ്രശ്‌നങ്ങള്‍ഇല്ലെന്നും തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന നിര്‍ദ്ദേശം വച്ച് ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി. യുദ്ധ സജ്ജമായിരിക്കണമെന്ന് ഇന്നലെ ഷി ചിന്‍പിംഗ് പറഞ്ഞതിന് പിന്നാലെയാണ് പ്രതികരണവുമായി ചൈന രംഗത്തെത്തിയത്. ഭിന്നതകള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണം. ഇരുരാജ്യങ്ങളും യോജിച്ച് മുന്നോട്ട് പോകുമെന്നും ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി സണ്‍ വിധോംഗ് അറിയിച്ചു.

എന്നാല്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാമെന്നാണ് അമേരിക്കയുടെ വാഗ്ദാനം. ഇക്കാര്യം ഇരുരാജ്യങ്ങളെയും അറിയിച്ചതായി ഡോണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. മുമ്പ് കശ്മീര്‍ വിഷയത്തിലും സമാനമായ വാഗ്ദാനവുമായി ട്രംപ് രംഗത്തെത്തിയിരുന്നു. ചൈനയുടെയും അമേരിക്കയുടെയും നിലപാടുകളോട് ഇതുവരെ ഇന്ത്യ പ്രതികരിച്ചിട്ടില്ല.

പ്രധാനമന്ത്രിയുടെയും പ്രതിരോധ മന്ത്രിയുടെയും നേതൃത്വത്തിലുള്ള യോഗങ്ങള്‍ ഇന്നലെ സാഹചര്യം വിലയിരുത്തിയിരുന്നു. ചൈനീസ് സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടതില്ലെന്നാണ് ഇന്ത്യയുടെ തീരുമാനം. കയ്യേറിയ സ്ഥലത്തുനിന്ന് ചൈന പിന്നോട്ടുപോകണം എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കും.

Top