ചൈന അതിര്‍ത്തി പ്രദേശങ്ങള്‍ കൈവശപ്പെടുത്തി; വാര്‍ത്ത തള്ളി നേപ്പാള്‍

കാഠ്മണ്ഡു: രാജ്യത്തെ അതിര്‍ത്തി പ്രദേശങ്ങള്‍ ചൈന കൈവശപ്പെടുത്തിയെന്ന വാര്‍ത്തകള്‍ തള്ളി നേപ്പാള്‍. രാജ്യത്തെ പ്രധാന മാധ്യമത്തില്‍ ജൂണ്‍ മാസത്തിലാണ് ഈ റിപ്പോര്‍ട്ട് ആദ്യം പ്രസിദ്ധീകരിച്ചതെന്നും അന്നുതന്നെ ഈ വാര്‍ത്ത നിഷേധിച്ചതാണെന്നും സംഭവത്തില്‍ പ്രസ്തുത പത്രം ക്ഷമാപണം നടത്തിയതാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

അതിര്‍ത്തി പങ്കിടുന്ന ഏഴ് ജില്ലകളിലെ പലയിടത്തും ചൈന അനധികൃതമായി കൈയേറ്റം നടത്തിയിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഈ വാര്‍ത്തയ്ക്ക് അടിസ്ഥാനമായ കൃഷിമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് നിലനില്‍ക്കുന്നതല്ലെന്നും ഇത്തരം വിഷയങ്ങള്‍ കൃഷിമന്ത്രാലയത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം.

റിപ്പോര്‍ട്ടുകളില്‍ കാണാനില്ലെന്ന് പറയുന്ന 37,38 നമ്പറിലുള്ള അതിര്‍ത്തി അടയാളങ്ങള്‍ ഇരുരാജ്യങ്ങളും ഒരിക്കലും സ്ഥാപിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. ഏറെ സൗഹൃദത്തിലുള്ള അയല്‍രാജ്യങ്ങളാണ് ചൈനയും നേപ്പാളും. തന്ത്രപ്രധാനമായ വിഷയങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതിന് മുമ്പ് മാധ്യമങ്ങള്‍ ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് യഥാര്‍ഥ വിവരങ്ങള്‍ തേടണമെന്ന് അഭ്യര്‍ഥിക്കുകയാണെന്നും നേപ്പാള്‍ സര്‍ക്കാര്‍ അറിയിച്ചു.

Top