ബീജിംങ്: ഇന്ത്യയ്ക്ക് വന്‍ ഭീഷണി ഉയര്‍ത്തി വീണ്ടും ചൈനയുടെ പ്രകോപനം.
അരുണാചല്‍ പ്രദേശ് അതിര്‍ത്തിയോട് ചേര്‍ന്ന് ടിബറ്റന്‍ മേഖലയില്‍ പുതിയ പാത തുറന്നാണ് ചൈനീസ് വെല്ലുവിളി.
ദോക് ലാം സംഘര്‍ഷത്തിന് ശേഷം പിന്നോട്ട് പോയ ചൈന സമവായത്തിന് തയ്യാറാണെന്ന് പറഞ്ഞ് രംഗത്ത് വരികയും എന്നാല്‍ ഒരേ സമയം വിരുദ്ധ പ്രവർത്തനം നടത്തുകയുമാണ്.
ടിബറ്റിലെ പ്രധാന നഗരങ്ങളായ ലാസയേയും നിങ്ച്ചിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതിയ പാതയ്ക്ക് 409 കിലോമീറ്റര്‍ ദൈര്‍ഘ്യമാണുള്ളത്. അരുണാചല്‍ പ്രദേശ് അതിര്‍ത്തിയോട് ചേര്‍ന്ന് ടിബറ്റന്‍ മേഖലയില്‍ 5.8 ബില്ല്യണ്‍ ഡോളര്‍ ചെലവഴിച്ചാണ് പുതിയ പാതയുടെ നിര്‍മ്മാണം.
ടിബറ്റിലെ പ്രധാനപ്പെട്ട രണ്ട് വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന 409 കി.മീ ദൈര്‍ഘ്യമുള്ള എക്‌സ്പ്രസ് ഹൈവേ ടോള്‍ ഫ്രീ ആയിരിക്കുമെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമമായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. പുതിയ ഹൈവേ പ്രവര്‍ത്തന സജ്ജമായതോടെ ലാസയില്‍ നിന്നും നിങ്ച്ചിയിലേക്കുള്ള യാത്രാസമയം എട്ടില്‍ നിന്നും അഞ്ച് മണിക്കൂറായി കുറയും. അതേസമയം പുതിയ പാത ഉപയോഗിക്കുന്നതില്‍ നിന്നും വലിയ ട്രക്കുകള്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
സൈനികാവശ്യങ്ങള്‍ക്ക് കൂടി അനുകൂലമാവുന്ന രീതിയിലാണ് ടിബറ്റിലെ പാതകളെല്ലാം ചൈന നിര്‍മ്മിച്ചിരിക്കുന്നത്. സൈനികരുടെ സഞ്ചാരത്തിനും വേഗത്തിലുള്ള ആയുധ കൈമാറ്റത്തിനും ഈ പാതകള്‍ സഹായകമാവും. അതിര്‍ത്തിയില്‍ ചൈന നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളെ ഇനി വേഗത്തിലാക്കും.
കഴിഞ്ഞ ദിവസം ഇരു രാജ്യങ്ങളും തമ്മിലുള്ള പഴയ കാര്യങ്ങള്‍ മറന്ന് ഇന്ത്യയും ചൈനയും തമ്മില്‍ പുതിയ അധ്യായം തുടങ്ങണമെന്ന് ചൈനീസ് നയതന്ത്രജ്ഞന്‍ ലുവോ ജാവോഹുയ് ആവശ്യപ്പെട്ടിരുന്നു.
ദോക് ലാമിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കുടുതല്‍ മെച്ചപ്പെടുന്നുണ്ടെന്നും ചൈനീസ് നയതന്ത്രജ്ഞന്‍ പറഞ്ഞിരുന്നു.
പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ 68ാം വാര്‍ഷികാഘോഷ ചടങ്ങിനിടെയാണ് ലുവോ ജാവോഹുയ് ഇന്ത്യയും ചൈനയും തമ്മിലുണ്ടാവേണ്ട സൗഹാര്‍ദ്ദ അന്തരീക്ഷം ചൂണ്ടിക്കാട്ടി സംസാരിച്ചിരുന്നത്.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ബ്രിക്‌സ് സമ്മേളനത്തിനിടെ നടന്ന കൂടിക്കാഴ്ച്ചയില്‍ സഹകരണത്തിന്റെയും അനുരഞ്ജനത്തിന്റെയും സന്ദേശമാണ് നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
പഴയ താളുകള്‍ അടച്ചുവെച്ച് ഇതേ ദിശയില്‍ ഇതേ ഗതിയില്‍ പുതിയ അധ്യായം നമ്മള്‍ തുറക്കണം. നമ്മള്‍ ഒരുമിച്ചാണ് നൃത്തം ചെയ്യേണ്ടത്. അങ്ങനെ ഒന്നും ഒന്നും ഒരുമിച്ച ചേര്‍ന്ന് പതിനൊന്നാവണമെന്നാണ് ലുവോ പറഞ്ഞിരുന്നത്. എന്നാല്‍ ഈ നിലപാടുകളില്‍ നിന്നെല്ലാം മലക്കം മറിഞ്ഞ് ഇന്ത്യയെ പ്രകോപിപ്പിച്ചിരിക്കുകയാണിപ്പോള്‍.