china-pakistan new defence agreement

ഇസ്ലാമാബാദ്: ചൈനയുമായി ദീര്‍ഘകാല പ്രതിരോധ ഉടമ്പടിക്ക് പാക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഇന്ത്യയും യുഎസും തമ്മില്‍ സൈനിക വിന്യാസ ഉടമ്പടിയില്‍ ഒപ്പുവെച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് പാക്കിസ്ഥാന്റെ പക്ഷത്ത് നിന്നുള്ള ചൈനാ കരാര്‍ വെളിപ്പെടുത്തല്‍.

ലണ്ടന്‍ സന്ദര്‍ശനത്തിന് ശേഷം തിരിച്ചെത്തിയ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ജൂലൈ 15ന് ലാഹോറില്‍ കരട് കരാര്‍ സംബന്ധിച്ച ചര്‍ച്ചയില്‍ അധ്യക്ഷത വഹിച്ചതായും പാക് പത്രമായ എക്‌സ്പ്രസ് ട്രിബ്യൂണാണ് പുറത്തുവിട്ടത്.

കരട് ഉടമ്പടിയില്‍ പലതരത്തിലുള്ള നയതന്ത്ര സാധ്യതകളും ഉള്‍പ്പെടുത്താന്‍ പാക് ക്യാബിനറ്റ് ശ്രദ്ധിച്ചെന്നും വാര്‍ത്തയില്‍ സൂചിപ്പിക്കുന്നു. പ്രതിരോധസുരക്ഷ മേഖലകളില്‍ അടക്കം വിവിധ മേഖലകളില്‍ ചൈനയുമായി സഹകരണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണ് ഉടമ്പടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേന്ദ്ര മന്ത്രിസഭ നല്‍കുന്ന വിവരമനുസരിച്ച് കരട് കരാര്‍ വ്യവസ്ഥകള്‍ ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ പരസ്പര ബഹുമാനത്തോടെയുള്ള പ്രാദേശികമായ സമഗ്ര അധികാരവും പരമാധികാരവും ഉറപ്പു വരുത്തുന്ന ഒന്നാണ്. ഇരു രാജ്യങ്ങളുടേയും ആഭ്യന്തര പ്രശ്‌നങ്ങളില്‍ കൈകടത്താതെ, തീരുമാനങ്ങളില്‍ സമത്വവും നല്‍കുന്നു. ഇരു രാജ്യങ്ങളുടേയും പ്രത്യേക ഗുണത്തിനായുള്ള സഹകരണവും സമാധാനവും ഉറപ്പു വരുത്തുന്നു. സുരക്ഷപ്രതിരോധ മേഖലയില്‍ ഒരുമിച്ചുള്ള നിലനില്‍പിനായാണ് ശ്രമം. ആയുധങ്ങളും സാങ്കേതിക വിദ്യയും പരസ്പരം കൈമാറുന്നതും ഇതില്‍ ഉള്‍പ്പെടുമെന്നാണ് എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2011ല്‍ അന്നത്തെ പാക് പ്രധാനമന്ത്രി ഗിലാനിയും ചൈനയുമായി പ്രതിരോധ കരാറിന് ശ്രമിച്ചിരുന്നു. എന്നാല്‍ ചൈനീസ് നേതൃത്വം വിമുഖത പ്രകടിപ്പിക്കുകയായിരുന്നു. വാഷിംഗ്ടണും ഡല്‍ഹിയുമായുള്ള ഇസ്ലാമബാദിന്റേയും ബെയ്ജിങിന്റേയും ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുമെന്ന ഭയമാണ് അന്ന് തടസമായി ഉന്നയിക്കപ്പെട്ടിരുന്നത്.

Top