ചൈന: ലക്ഷം പേര്‍ക്ക് ഇരിക്കാവുന്ന ഏറ്റവും വലിയ ഫുട്‌ബോള്‍ സ്റ്റേഡിയം നിര്‍മിക്കാനൊരുങ്ങി ചൈന. തെക്കന്‍ മേഖലയിലെ ഗ്വാങ്ഷൂ പട്ടണത്തിലാണ് 170 കോടി ഡോളര്‍ (13,064 കോടി രൂപ) മുടക്കി നിര്‍മ്മിക്കുന്ന മൈതാനം വരുന്നത്.
2022ഓടെ ഗ്വാങ്ഷൂ എവര്‍ഗ്രാന്‍ഡ് സ്റ്റേഡിയം പൂര്‍ത്തിയാക്കാനാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.
ചുറ്റും താമരയിതളുകള്‍ തണലിട്ടുനില്‍ക്കുന്ന അനുഭവമാകും സ്റ്റേഡിയത്തിന്റെ സവിശേഷത. ഒരു ലക്ഷം പേര്‍ക്ക് ഇരിപ്പിടമുള്ള മൈതാനം ലോകത്തെ ഏറ്റവും വലിയതാകുമെങ്കിലും നൗ ക്യാമ്പ് വൈകാതെ 1,05,000 ഇരിപ്പിടമായി ഉയര്‍ത്തുന്നതോടെ റെക്കോഡ് പഴങ്കഥയാകും.
അതേസമയം, ഷാങ്ഹായ് എസ്.ഐ.പി.ജിയും പുതിയ മൈതാനം നിര്‍മിക്കുന്നുണ്ടെങ്കിലും 33,000പേര്‍ക്ക് മാത്രമാകും ഇരിപ്പിടം. 2021ലെ ഫിഫ കപ്പ്, ലോകകപ്പ്, 2023ലെ എ.എഫ്.സി ഏഷ്യന്‍ കപ്പ് എന്നിവയ്ക്ക് ആതിഥ്യം വഹിക്കുന്നത് ചൈനയാണ്.