ബെയ്ജിങ്: പിഎന്‍ബി ബാങ്ക് തട്ടിപ്പ് കേസ് പ്രതി നീരവ് മോദിയെ അറസ്റ്റ് ചെയ്യണമെന്ന ഇന്ത്യയുടെ ആവശ്യത്തില്‍ ഹോങ്കോങ്ങിന് തീരുമാനമെടുക്കാമെന്ന് ചൈന. ഇക്കാര്യത്തില്‍ ഹോങ്കോങ്ങിലെ ഭരണസംവിധാനമായ സ്‌പെഷ്യല്‍ അഡ്മിനിസ്‌ട്രേറ്റീവ് റീജിയണിന് മറ്റ് രാഷ്ട്രങ്ങളുമായി സഹകരിക്കാമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ജെങ് ഷുവാങ് വ്യക്തമാക്കി.
ചൈനയുടെ ഭാഗമാണെങ്കിലും സ്വതന്ത്രഭരണപ്രദേശമാണ് ഹോങ്കോങ്ങ്. ഇവിടുത്തെ ഭരണസംവിധാനമാണ് ഹോങ്കോങ് സ്‌പെഷല്‍ അഡ്മിനിസ്‌ട്രേറ്റീവ് റീജിയണ്‍. പ്രാദേശിക നിയമങ്ങളുടെയും കരാറുകളുടെയും അടിസ്ഥാനത്തില്‍ ഹോങ്കോങ്ങിന് വിഷയത്തില്‍ നിലപാട് എടുക്കാമെന്നും ചൈന അറിയിച്ചു.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 13000 കോടിയുടെ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട നീരവ് മോദി ഹോങ്കോങ്ങിലുണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പിന്നാലെ നീരവ് മോദിയുടെ അറസ്റ്റിനായി ഹോങ്കോങ് സര്‍ക്കാരിന്റെ സഹായം തേടുമെന്ന് കേന്ദ്രമന്ത്രി വി കെ സിങ് പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.
ബെയിജിങ്ങിന് പുറമെ ഹോങ്കോങ്ങിലും നീരവ് മോദിക്ക് വ്യാപാരസ്ഥാപനങ്ങളുണ്ട്. വിഷയത്തില്‍ ചൈന എന്തുനിലപാട് സ്വീകരിക്കും എന്നായിരുന്നു ആശങ്ക. ചൈനയും അനുകൂല നിലപാട് സ്വീകരിച്ചതോടെ നീരവ് മോദിയുടെ അറസ്റ്റിന് വഴിയൊരുങ്ങിയേക്കും.