യുഎസിനെതിരെ പാക്കിസ്ഥാനും ചൈനയും ; പുതിയ സൈനികത്താവളം നിര്‍മ്മിക്കും

china

ബീജിംഗ്: ജിബൗട്ടിക്ക് ശേഷം പാക്കിസ്ഥാനില്‍ അടുത്ത സൈനികത്താവളം നിര്‍മ്മിക്കാന്‍ ഒരുങ്ങി ചൈന. യു.എസ് ദിനപത്രമായ വാഷിംഗ്ടണ്‍ പോസ്റ്റാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്. ഇറാനിലെ ചബ്ഹാര്‍ തുറമുഖത്തിന് അടുത്തായാണ് ചൈനയുടെ സൈനികത്താവളമൊരുങ്ങുന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. പുതിയ സൈനികത്താവളത്തെ സംബന്ധിച്ച് പാകിസ്ഥാനുമായി ചൈന ചര്‍ച്ച നടത്തിക്കഴിഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതിയ സൈനികത്താവള നിര്‍മ്മാണത്തോടെ ഏഷ്യയിലെ തന്നെ വന്‍ സാമ്രാജ്യ ശക്തിയായി മാറാനുള്ള ഒരുക്കത്തിലാണ് ചൈന. അമേരിക്കയുമായി ഇടഞ്ഞു നില്‍ക്കുന്ന പാക്കിസ്ഥാനെ ചൈന കൂട്ടു പിടിക്കുന്നതും ഇതുകൊണ്ടാണെന്ന് വാഷിംഗ്ടണ്‍ പോസ്റ്റില്‍ സൂചിപ്പിച്ചിരിക്കുന്നു.

അതേസമയം, നാവിക മേഖലയിലെ ശക്തി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സൈനികത്താവളമെന്നും, കടല്‍കൊള്ളക്കാരെ തുരത്തുകയെന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശമെന്നുമാണ് ചൈനയുടെ വിശദീകരണം. ജിബൗട്ടിക്ക് പുറമെ, നിലവില്‍ ശ്രീലങ്കയുടെ ഹംബാന്‍ടോട്ട തുറമുഖവും ചൈനയുടെ നിയന്ത്രണത്തിലാണ്.

Top