ബീജിംഗ്: സിന്‍ജിയാങ് പ്രവിശ്യയിലെ ഉയിഗുര്‍ മുസ്ലീങ്ങളോടുള്ള ചൈനയുടെ സമീപനം മാറ്റണമെന്ന ആവശ്യം യുഎന്നില്‍ ഉന്നയിച്ച് 43 രാജ്യങ്ങള്‍. ഉയിഗുര്‍ മുസ്ലീങ്ങളോടുള്ള ചൈനയുടെ സമീപനം മനുഷ്യത്വരഹിതമാണെന്നും, നിയമം അനുശാസിക്കുന്ന എല്ലാ ബഹുമാനവും അവര്‍ക്ക് നല്‍കണമെന്നും വിവിധ രാജ്യങ്ങള്‍ ആവശ്യം ഉന്നയിച്ചു. യുഎന്‍ ഹൈക്കമ്മീഷണര്‍, അവരുടെ വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് സിന്‍ജിയാങിലേക്ക് തടസ്സമില്ലാതെ പ്രവേശനം അനുവദിക്കണമെന്നും ഫ്രാന്‍സ് ആവശ്യപ്പെട്ടു. വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ചാണ് ഫ്രാന്‍സ് ഈ ആവശ്യം മുന്നോട്ട് വച്ചത്.
സിന്‍ജിയാങിലെ ഉയിഗുര്‍ മുസ്ലീങ്ങളുടെ അവസ്ഥയില്‍ തങ്ങള്‍ ഏറെ ആശങ്കാകുലരാണെന്നും ഫ്രാന്‍സ് ചൂണ്ടിക്കാണിച്ചു. പ്രദേശത്തെ മുസ്ലീങ്ങളെ അടിച്ചമര്‍ത്താന്‍ ചൈന നിരവധി ക്യാമ്പുകൾ തയ്യാറാക്കിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചാണ് പ്രസ്താവന. പത്ത് ലക്ഷത്തിലധികം ആളുകള്‍ ചൈനയുടെ ഇത്തരം ക്യാമ്പുകളില്‍ ക്രൂര പീഡനത്തിന് ഇരയാകുന്നതായാണ് വിവരം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ലൈംഗിക പീഡനം, നിര്‍ബന്ധിത വന്ധ്യംകരണം തുടങ്ങിയവയും ക്യാമ്പുകളിലുള്ളവര്‍ക്ക് നേരിടേണ്ടി വരുന്നുണ്ട്.
എന്നാല്‍ ഇത്തരത്തില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്ന് യുഎന്നിലെ ചൈനയുടെ പ്രതിനിധി സാങ് ജുന്‍ പറഞ്ഞു. ‘ചൈനയെ ഒറ്റപ്പെടുത്താനും വേദനിപ്പിക്കാനുമുള്ള ഗൂഢാലോചനയാണ് ഇത്. ആരോപണങ്ങളെ തള്ളിക്കളയുകയാണ്. സിന്‍ജിയാങിലെ ജനങ്ങള്‍ അവിടുത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ആസ്വദിക്കുകയാണ്. അവിടെ നടക്കുന്ന ഓരോ പ്രവര്‍ത്തനങ്ങളിലും അവര്‍ അഭിമാനിക്കുകയാണെന്നും’ സാങ് ജുന്‍ കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ മറ്റ് രാജ്യങ്ങള്‍ ഇടപെടേണ്ടതില്ലെന്നും ചൈന പറഞ്ഞു.
2019 ലും 2020 ലും സമാനമായ രീതിയില്‍ ചൈനയ്ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഉയിഗുര്‍ മുസ്ലീങ്ങളോടുള്ള ചൈനയുടെ സമീപനം മനുഷ്യത്വരഹിതമാണെന്നായിരുന്നു അന്നും ആരോപണം ഉയര്‍ന്നത്. 2019ല്‍ 23 രാജ്യങ്ങളും, 2020ല്‍ 39 രാജ്യങ്ങളും ചൈനയുടെ നിലപാടിനെതിരെ യുഎന്നില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. തുര്‍ക്കി,എസ്വാതിനി,പോര്‍ച്ചുഗല്‍, ചെക്ക് റിപ്പബ്ലിക്ക് തുടങ്ങിയ രാജ്യങ്ങളാണ് ഈ വര്‍ഷം പുതിയതായി ചൈനക്കെതിരെ രംഗത്ത് വന്നത്.