കഴിഞ്ഞ വര്‍ഷം ചൈനയിൽ നിരോധിച്ചത് 18,489 വെബ്‌സൈറ്റുകള്‍. 4,551 വെബ്‌സൈറ്റുകള്‍ക്ക് മുന്നറിയിപ്പും നല്‍കി. ഇത്തരം സൈറ്റുകൾ നിയമവിരുദ്ധമാണെന്ന് കാണിച്ചാണ് നടപടി. ചൈനീസ് സ്റ്റേറ്റ് മീഡിയയാണ് ഈ കാര്യം പുറത്തുവിട്ടത്. ഇന്റര്‍നെറ്റിനു മേല്‍ കടുത്ത നിയന്ത്രണം നടത്തുന്ന രാജ്യമാണ് ചൈന. ഓണ്‍ ഗെയിംസ്, ഓണ്‍ലൈന്‍ ഡേറ്റിംഗ് എന്നിവയെ പ്രമോട്ട് ചെയ്യുന്ന സൈറ്റുകളാണ് പൂട്ടിയത് എന്നാണ് അറിയിക്കുന്നത്. നിരോധിച്ച സൈറ്റുകളിൽ പലതും ഓണ്‍ലൈന്‍ കോഴ്സുകള്‍ നടത്തുന്നതാണെന്ന രീതിയിലാണ് പ്രവര്‍ത്തിച്ചിരുന്നത് എന്നാണ് ചൈനീസ് അധികൃതര്‍ പറയുന്നത്. എന്നാല്‍ നിയമവിരുദ്ധമായ കണ്ടന്‍റുകളാണ് ഈ സൈറ്റുകള്‍ വഴി ലഭ്യമായിരുന്നത്.
ചൈനീസ് സര്‍ക്കാറിന്‍റെ സൈബര്‍ സെക്യൂരിറ്റി സ്ഥാപനായ സൈബര്‍ സ്പേസ് അഡ്മിനിസ്ട്രേഷന്‍ ഒഫ് ചൈന ഔദ്യോഗികമായി അറിയിച്ചു. എന്നാല്‍ സര്‍ക്കാറിനെതിരെ വിമര്‍ശനം ഉയര്‍ത്തുന്നതും, സര്‍ക്കാറിന് അനഭിമതമായ കാര്യങ്ങള്‍ ഉള്‍പ്പെടുന്ന സൈറ്റുകളും നിരോധിപ്പിക്കപ്പെട്ടവയില്‍ ഉണ്ടെന്നാണ് വിമര്‍ശകര്‍ പറയുന്നത്. 2020 അവസാനത്തോടെ ചൈനയുടെ ഏജന്‍സി സിഎസി ആരംഭിച്ച സൈബര്‍ ലോകത്തെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് നടപടി എന്നാണ് ചൈനീസ് അധികൃതര്‍ അറിയിക്കുന്നത്.