ബെയ്ജിങ്ങ്: അടുത്തമാസം ആദ്യവാരം ചൈനയില്‍ വെച്ച് നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്താല്‍ ചൈന വെട്ടിലാകും.
ബ്രിക്‌സിലെ അംഗരാജ്യങ്ങളില്‍ ഭൂരിപക്ഷവും ഇന്ത്യന്‍ നിലപാടിനെ പിന്തുണയ്ക്കുന്നവരായതിനാല്‍ മോദി എത്തിയാല്‍ ദോക് ലാം വിഷയം ചര്‍ച്ച ചെയ്യപ്പെടുമോ എന്ന ആശങ്കയിലാണ് ചൈന.
ദോക് ലാമില്‍ നിന്ന് ഇന്ത്യന്‍ സേന പിന്‍മാറാതെ ചര്‍ച്ചയില്ലെന്ന നിലപാടിലാണ് ചൈന. ഇന്ത്യയാവട്ടെ രാജ്യ സുരക്ഷ മുന്‍ നിര്‍ത്തി ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാടിലുമാണ്. ഈ സംഘര്‍ഷാന്തരീക്ഷത്തിനിടയിലാണ് ചൈനയില്‍ ബ്രിക്‌സ് നേതാക്കള്‍ ഒത്തുചേരുന്നത്.
സെപ്റ്റംബര്‍ മൂന്നു മുതല്‍ 5 വരെ നടക്കാനിരിക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്ക് വേണ്ട എല്ലാ തയ്യാറെടുപ്പുകളും ചൈനയില്‍ ദ്രുത ഗതിയില്‍ മുന്നോട്ട് കൊണ്ടു പോയിക്കൊണ്ടിരിക്കുകയാണ്.
അതേസമയം ദോക് ലാം വിഷയം നിലനില്‍ക്കുന്നതിനാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്കാളിത്തത്തെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ ചൈന ഉന്നയിച്ചു കഴിഞ്ഞു.
സിക്കിം മേഖലയിലെ ദോക് ലാം പ്രദേശത്ത് ഇരു രാജ്യങ്ങളുടെയും സേനകള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതായി ഉറപ്പ് നല്കിയിട്ടില്ലായെന്ന് ചൈന വിദേശകാര്യമന്ത്രാലയ വക്താവ് ഹുവ ച്യൂനിങ് പറഞ്ഞു.’
ഉച്ചകോടി വിജയം കൈവരിക്കാന്‍ ബ്രിക്‌സ് രാജ്യങ്ങളുടെ സഹകരണം സഹായകരമാകുമെന്നും ഹൂവ ചൂണ്ടിക്കാട്ടി.
എന്നാല്‍ ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പോകുന്നത് തീരുമാനിച്ചിട്ടില്ലെന്നും, തനിക്ക് ഇത് സംബന്ധിച്ച വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി.
ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക (BRICS) എന്നീ രാജ്യങ്ങളാണ് ഉച്ചകോടിയില്‍ പങ്കെടുക്കേണ്ടത്.