ലോകത്തില്‍ കൊറോണാവൈറസ് പ്രതിസന്ധി പടര്‍ന്നുപിടിക്കുന്നതിന് ഇടയിലും തങ്ങളാണ് വമ്പന്‍മാരെന്ന് തെളിയിക്കാന്‍ ശ്രമിച്ച് ചൈന. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വൈറസ് പടരുമ്പോള്‍ സ്വന്തം രാജ്യത്ത് പകര്‍ച്ചവ്യാധിയെ വിജയകരമായി തടഞ്ഞെന്ന് അവകാശപ്പെട്ടാണ് ചൈനീസ് സര്‍ക്കാര്‍ ഈ ശ്രമം നടത്തുന്നത്.
സര്‍ക്കാരിന്റെ ഇടപെടല്‍ പരാജയമായതിനെതിരെ വിമര്‍ശനം ഉന്നയിച്ചവരെയും, സുപ്രധാന വിവരങ്ങള്‍ പുറത്തുവിട്ടവരെയും നിശബ്ദരാക്കി, പുതിയ കൊറോണാവൈറസിന്റെ അപകടാവസ്ഥ കുറച്ച് കാണിച്ചാണ് ചൈന തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നത്. സ്വന്തം രാജ്യത്ത് ഉത്ഭവിച്ച് ആയിരങ്ങളുടെ ജീവന്‍ നഷ്ടമായതൊന്നും അവര്‍ കാര്യമാക്കുന്നില്ല. വീഴ്ചകളില്‍ ചൈനയിലെ പൊതുജനങ്ങളില്‍ അമര്‍ഷം ആളിക്കത്തുമ്പോഴും വൈറസിന് എതിരായ പോരാട്ടത്തില്‍ നേതാവായത് തങ്ങളാണെന്നാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അവകാശപ്പെടുന്നത്.
യുഎസും, സൗത്ത് കൊറിയയും വേഗത്തില്‍ നടപടി സ്വീകരിക്കാന്‍ പരാജയപ്പെടുമ്പോള്‍ ചൈനീസ് പ്രതിരോധമാണ് മാതൃകയെന്നാണ് സര്‍ക്കാര്‍ നിയന്ത്രിത ടാബ്ലോയ്ഡ് ഗ്ലോബല്‍ ടൈംസ് വാദിക്കുന്നത്. ചൈനയുടെ രീതി മാത്രമാണ് വൈറസിനെതിരെ വിജയിച്ചതെന്നും മറ്റുമാണ് ഓണ്‍ലൈനില്‍ പാര്‍ട്ടിക്കായി പ്രചാരണം നടത്തുന്നവര്‍ ഉപയോഗിക്കുന്ന ഹാഷ്ടാഗ്. ചൈനയുടെ അധികാര രീതിയുടെ ശക്തിയാണ് തെളിയിക്കപ്പെട്ടതെന്ന രീതിയിലാണ് പാര്‍ട്ടി അധികൃതര്‍ സംസാരിക്കുന്നത്.
ചൈനീസ് പ്രസിഡന്റും, പരമോന്നത നേതാവായി മാറുകയും ചെയ്യുന്ന സീ ജിന്‍പിംഗ് പകര്‍ച്ചവ്യാധിയെക്കുറിച്ച് ആറ് ഭാഷകളില്‍ പുസ്തകം ഇറക്കാന്‍ ഒരുങ്ങുകയാണ്. ജനങ്ങളോട് കരുതലുള്ള പ്രധാന ശക്തിയായ നേതാവെന്ന തരത്തിലാണ് സീയെ അവതരിപ്പിക്കുന്നത്. എന്നാല്‍ വല്ല്യേട്ടന്‍ കളിക്കാന്‍ ശ്രമിക്കുന്ന ചൈന പകര്‍ച്ചവ്യാധിയെ കുറച്ച് കണ്ടതും, പ്രതിരോധ നടപടി വൈകിയതുമാണ് കൊറോണയെ ലോകത്തിന്റെ മുക്കിലും മൂലയിലും എത്തിച്ചതെന്ന വസ്തുത അധികം ആളുകളും മറക്കാന്‍ സാധ്യതയില്ല.