സൂറിച്ച്: തായ്‌വാന്‍, ഹോങ്കോംങ്, സിന്‍ജിയാങ് എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ബെയ്ജിങ്ങിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടരുതെന്ന് ചൈന ആവശ്യപ്പെട്ടു. ചൈനീസ് ഉന്നത നയതന്ത്രജ്ഞന്‍ യാങ് ജിയേച്ചി യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
കൂടിക്കാഴ്ചയില്‍ തായ്‌വാന്‍, ഹോങ്കോംഗ്, സിന്‍ജിയാങ്, ടിബറ്റ്, മനുഷ്യാവകാശങ്ങള്‍, സമുദ്ര വിഷയങ്ങള്‍ എന്നിവയില്‍ ചൈനയുടെ നിലപാട് യാങ് വിശദീകരിച്ചു. ചൈനയുടെ പരമാധികാരം, സുരക്ഷ, വികസന താല്‍പ്പര്യങ്ങള്‍ എന്നിവയെ ബഹുമാനിക്കാന്‍ അമേരിക്കയോട് ആവശ്യപ്പെട്ടു.
യുഎസുമായുള്ള ബന്ധം മത്സരാധിഷ്ഠിതമായി നിര്‍വചിക്കുന്നതിനെയും ചൈന എതിര്‍ത്തു. അതേസമയം, ഇരു രാജ്യങ്ങളും തമ്മിലുള്ള ‘ഉത്തരവാദിത്ത മത്സരം’ ഉറപ്പുവരുത്തുന്നതിനായി ചൈനയുമായി ഉന്നതതലത്തില്‍ ഇടപഴകുന്നത് തുടരുമെന്ന് അമേരിക്ക പറഞ്ഞു.
പൊളിറ്റിക്കല്‍ ബ്യൂറോ അംഗമായ യാങ്ങും സുലിവനും പൊതുവായ ആശങ്കയുള്ള അന്താരാഷ്ട്ര, പ്രാദേശിക വിഷയങ്ങളില്‍ ബുധനാഴ്ച ‘ക്രിയാത്മക കൂടിക്കാഴ്ച’ നടത്തിയതായി ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. തന്ത്രപരമായ ആശയവിനിമയം ശക്തിപ്പെടുത്താനും സംഘര്‍ഷം ഒഴിവാക്കാനും പരസ്പര പ്രയോജനം തേടാനും ഒരുമിച്ച് പ്രവര്‍ത്തിക്കാനും ഇരുപക്ഷവും സമ്മതിച്ചു.