ബെയ്ജിങ്: ഇന്ത്യയുമായി അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ മുഴുവന്‍ അതിര്‍ത്തി പ്രദേശങ്ങളിലും വന്‍ സൈന്യത്തെ വിന്യസിച്ച് ചൈന. ഇന്ത്യന്‍ അതിര്‍ത്തിയില്‍ മാത്രമല്ല അടുത്ത സൗഹൃദ രാജ്യമായ ഉത്തരകൊറിയയുടെ അതിര്‍ത്തിയില്‍ പോലും വലിയ സൈന്യത്തെയാണ് സുരക്ഷിതത്വം മുന്‍നിര്‍ത്തി ചൈന ഇപ്പോള്‍ നിയോഗിച്ചിരിക്കുന്നത്.
ഇന്ത്യയുമായി ഒരു ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ ഉത്തരകൊറിയ അടക്കമുള്ള മറ്റ് രാജ്യങ്ങള്‍ അതില്‍ ‘മുതലെടുപ്പ്’ നടത്താതിരിക്കാനാണിത്.
അമേരിക്കയുമായി ഏതു നിമിഷവും യുദ്ധത്തിനൊരുങ്ങുന്ന ഉത്തരകൊറിയയെ അമേരിക്ക ആക്രമിച്ച് കീഴ്‌പ്പെടുത്തിയാലും ഇതേ വെല്ലുവിളി തന്നെ നേരിടേണ്ടി വരുമെന്ന ആശങ്കയും ചൈനയുടെ നടപടിക്ക് പിന്നിലുണ്ട്. നിലവില്‍ ചൈനയുടെ അയല്‍രാജ്യങ്ങളായ വിയറ്റ്‌നാം, ജപ്പാന്‍, ദക്ഷിണകൊറിയ, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യ തന്ത്രപ്രധാനമായ ‘സൈനിക ബന്ധമാണ് പുലര്‍ത്തിവരുന്നത്.
അതിര്‍ത്തികളില്‍ വിന്യസിച്ച സൈന്യത്തിന് കൂടുതല്‍ പരിശീലനവും കരുത്തും നല്‍കാനും ചൈന മുന്നില്‍ തന്നെയുണ്ട്. ഉത്തരകൊറിയ- ചൈന അതിര്‍ത്തിയില്‍ തുടര്‍ച്ചയായ പ്രതിസന്ധികള്‍ ഉടലെടുത്തതിനെ തുടര്‍ന്നും അമേരിക്കന്‍ ഭീഷണി മുന്‍നിര്‍ത്തിയും അടുത്തിടെ നിരവധി നടപടികള്‍ ബെയ്ജിങ് ഇടപെട്ട് നടപ്പാക്കിയിരുന്നു.
രാസായുധ ആക്രമണങ്ങളെ പ്രതിരോധിക്കാനായി ബങ്കറുകളും 24 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന വ്യോമ നിരീക്ഷണവും അതിര്‍ത്തിയില്‍ സൈനിക വിന്യാസം ശക്തിപ്പെടുത്തിയും ചൈന പ്രതിരോധ നടപടികള്‍ കൈക്കൊണ്ടതായി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
800 മൈല്‍ അതിര്‍ത്തിയാണ് ഉത്തരകൊറിയയുമായി ചൈന പങ്കിടുന്നത്. അതിര്‍ത്തിയില്‍ സൈന്യത്തെ കൂടുതലായി വിന്യസിച്ചും ഇരുരാജ്യങ്ങള്‍ക്കിടയില്‍ ശക്തമായ ‘വേലി’ തീര്‍ത്തും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. അതേസമയം ചൈന- ഉത്തരകൊറിയ അതിര്‍ത്തി സംഘര്‍ഷങ്ങള്‍ ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്. അതിര്‍ത്തികളില്‍ സൈന്യത്തിന് പരിശീലനം നല്‍കുന്നുണ്ടെങ്കിലും അത് സാധാരണ നടപടിക്രമം മാത്രമാണെന്നാണ് ചൈനീസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നത്.
ചൈനയുടെ ‘പദ്ധതികള്‍’ അതിര്‍ത്തി സുരക്ഷയ്ക്കും അപ്പുറമാണെന്ന് കിഴക്കന്‍ ഏഷ്യയിലെ മുതിര്‍ന്ന മുന്‍ യുഎസ് പ്രതിരോധ ഉദ്യോഗസ്ഥന്‍ നേരത്തെ ആരോപിച്ചിരുന്നു.
ചൈനയും അമേരിക്കയും തമ്മില്‍ ഒരു സംഘര്‍ഷമുണ്ടായാല്‍ അതൊരിക്കലും തായ്‌വാനില്‍ ആയിരിക്കില്ലെന്നും ദക്ഷിണ ചൈനാക്കടലിലോ കിഴക്കന്‍ ചൈനാക്കടലിലോ ആയിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇതിനിടെ 2175 മൈല്‍ നീളമുള്ള ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ ദിനംപ്രതി കാര്യങ്ങള്‍ വഷളാവുകയാണ്. പരസ്പ്പരം കുറ്റപ്പെടുത്തിയും മുന്നറിയിപ്പുകള്‍ നല്‍കിയും ഇരുരാജ്യങ്ങളും പോര്‍വിളി തുടരുകയാണ്.
ചൈനയില്‍ വച്ച് നടക്കുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ബ്രിക്‌സ് യോഗത്തില്‍ ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ പങ്കെടുക്കുമെന്നിരിക്കെ ചൈന ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചിട്ടില്ലെന്ന് ഇന്ത്യ തന്നെ സമ്മതിച്ചു കഴിഞ്ഞു എന്ന തരത്തില്‍ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി നടത്തിയ പ്രസ്താവന പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കിയിട്ടുണ്ട്.
ഇന്ത്യന്‍ സേന അതിക്രമിച്ച് കയറിയ സ്ഥലത്തു നിന്നും പിന്‍വാങ്ങണമെന്നതാണ് ചൈനയുടെ ഉറച്ച നിലപാട്. എന്നാല്‍ തന്ത്രപ്രധാനമായ ഈ സ്ഥലം ചൈനയ്ക്ക് വിട്ടു നല്‍കാന്‍ കഴിയില്ലെന്ന വാശിയിലാണ് ഇന്ത്യയും.
ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം ഏതു നിമിഷവും പൊട്ടിപ്പുറപ്പെടാന്‍ സാധ്യത നിലനില്‍ക്കെയാണ് മറ്റ് രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലും ചൈനയ്ക്ക് ഇപ്പോള്‍ പുതിയ വെല്ലുവിളി ഉയരുന്നത്.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അമേരിക്കന്‍, ജപ്പാന്‍ സൈന്യങ്ങളുമായി ചേര്‍ന്ന് അടുത്തയിടെ ഇന്ത്യന്‍ സേന നടത്തിയ സൈനികാഭ്യാസവും ചൈനയെ വിറളിപിടിപ്പിച്ചിരുന്നു.