ഇസ്ലാമാബാദ്: ചൈന-പാക് സാമ്പത്തിക ഇടനാഴിയിലെ മൂന്ന് റോഡ് നിര്‍മ്മാണത്തിന് നല്‍കി വന്ന സാമ്പത്തിക സഹായം ചൈന നിര്‍ത്തി.
റോഡ് നിര്‍മ്മാണത്തിലെ അഴിമതിയാണ് ചൈനയെ ഈ തീരുമാനത്തിലേക്ക് എത്തിച്ചതെന്നാണ് വിവരം. അയ്യായിരം കോടി രൂപ മുതല്‍ മുടക്കുള്ള പദ്ധതി മരവിപ്പിച്ച ചൈനയുടെ തീരുമാനത്തില്‍ ഞെട്ടിയിരിക്കുകയാണ് പാക്കിസ്ഥാന്‍ ഭരണകൂടവും സൈന്യവും.
പാക്കിസ്ഥാന്‍ നാഷണല്‍ ഹൈവേ അതോറിറ്റിയുടെ ആയിരം കോടി രൂപയോളം മുതല്‍മുടക്കുള്ള നിരവധി റോഡ് നിര്‍മ്മാണ പദ്ധതികള്‍ ചൈനയുടെ തീരുമാനത്തോടെ തടസ്സപ്പെടുമെന്നാണ് പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇടനാഴിയുടെ ഭാഗമായി ഒരു ലക്ഷം കോടി രൂപയുടെ റോഡ് നിര്‍മാണമാണ് നാഷണല്‍ ഹൈവേ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്.
210 കിലോമീറ്റര്‍ നീളമുള്ള ദേര ഇസ്മയില്‍ ഖാന്‍ സോബ് റോഡിനായി 81 ബില്യണ്‍ രൂപയാണ് ചെലവിടുന്നത്. ഇതില്‍ 66 ബില്യണ്‍ രൂപയും ചെലവിടുന്നത് റോഡ് നിര്‍മാണത്തിന് മാത്രമാണ്.
15 ബില്യണ്‍ രൂപ സ്ഥലമേറ്റെടുക്കലിനും മറ്റുമായും ചെലവിടും. 110 കിലോമീറ്റര്‍ നീളമുള്ള ഖുസ്ദര്‍ ബസീമ റോഡിനായി 19.76 ബില്യണ്‍ രൂപയാണ് നീക്കിവച്ചിരിക്കുന്നത്.
മൂന്നാമത്തെ പദ്ധതിയായ 136 കിലോമീറ്റര്‍ നീളത്തിലുള്ള രാജ്‌കോട്ടില്‍ നിന്ന് തകോട്ട് വരെയുള്ള കാറക്കോറം ഹൈവേയ്ക്ക് 8.5 ബില്യണ്‍ രൂപയുമാണ് ചെലവിടുക.
അഴിമതി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍, പണം ചെലവിടുന്നതിന് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയ ശേഷമെ ചൈന ഇനി തുക അനുവദിക്കുകയുള്ളൂവെന്നാണ് വിവരം.
ചൈന-പാക് സാമ്പത്തിക ഇടനാഴി ആരംഭിച്ച ശേഷം ഇതാദ്യമായാണ് ഇത്തരത്തില്‍ സാമ്പത്തിക സഹായം നല്‍കുന്നത് ചൈന മരവിപ്പിച്ചത്.
2015 ല്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചപ്പോഴാണ് ചൈന-പാക് സാമ്പത്തിക ഇടനാഴിയെന്ന ആശയം രൂപംകൊണ്ടത്. ഇത് ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരുന്നു
പാക് അധീന കശ്മീരിലൂടെ ബലൂചിസ്ഥാനെയും ചൈനയിലെ ഷിന്‍ജാങ് പ്രവിശ്യയെയും ബന്ധിപ്പിക്കുന്നതാണ് ഈ പദ്ധതി.
മേഖലയിലെ ഗതാഗത സൗകര്യം വര്‍ദ്ധിക്കുന്നതിനെ അനുകൂലിക്കുന്നുവെങ്കിലും പാക് അധീന കാശ്മീരിലൂടെ സാമ്പത്തിക ഇടനാഴി നിര്‍മ്മിക്കുന്നതിനെ അംഗീകരിക്കാനാകില്ലെന്നതാണ് ഇന്ത്യയുടെ നിലപാട്.
ഈ പദ്ധതിയോട് എതിര്‍പ്പുള്ളതിനാല്‍ തന്നെ അടുത്തിടെ നടന്ന വണ്‍ ബെല്‍റ്റ് വണ്‍ റോഡ് ഉച്ചകോടി ഇന്ത്യ ബഹിഷ്‌കരിച്ചിരുന്നു.
ചൈന-പാക് സാമ്പത്തിക ഇടനാഴി തകര്‍ക്കാന്‍ ഇറാന്‍, അഫ്ഗാനിസ്ഥാന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുമായി സഹകരിച്ച് മറ്റൊരു പദ്ധതിയ്ക്കാണ് ഇന്ത്യ രൂപം നല്‍കുന്നത്. ഈ നീക്കത്തോട് റഷ്യ, ജപ്പാന്‍, ആസ്‌ട്രേലിയ, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളും അനുകൂലമാണ്.