അതിര്‍ത്തിയില്‍ പിടിമുറുക്കിയാലും ഇന്ത്യന്‍ വിപണിയില്‍ ചൈനയ്ക്ക് സ്വര്യവിഹാരം

india-china

ന്യൂഡല്‍ഹി: ചൈനീസ് ഉത്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ പിടിമുറുക്കുന്നത് ആഭ്യന്തര ചെറുകിട ഉത്പാദകര്‍ക്ക് വന്‍ഭീഷണിയാണെന്ന് വിദഗ്ദര്‍.

കറന്‍സിയുടെ മൂല്യം കുറച്ച് കയറ്റുമതി വര്‍ധിപ്പിക്കാന്‍ ചൈനയ്ക്ക് സാധിച്ചതാണ് ഇന്ത്യന്‍ വിപണിക്ക് ഭീഷണിയാകുന്നതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കുറഞ്ഞവിലയില്‍ ഇന്ത്യന്‍ വിപണി കൈയ്യടക്കാന്‍ ഇത് ചൈനയെ സഹായിക്കുന്നു.

ചൈനയുമായി ഇന്ത്യക്ക് വ്യാപാര കമ്മി നിലനില്‍ക്കുമ്പോഴും ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് വന്‍തോതിലാണ് ഇറക്കുമതി നടക്കുന്നത്.

അതിനാല്‍ ആഭ്യന്തര ഉത്പാദകരെ സഹായിക്കാനും രൂപയുടെ മൂല്യം വര്‍ധിപ്പിക്കാനും ഉള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തണമെന്ന് എസ്ബിഐ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ് അഭിപ്രായപ്പെടുന്നു.

നിസാരമായ സാധനങ്ങള്‍ക്കായി ചൈനീസ് ഇറക്കുമതിയെ ആശ്രയിക്കുന്ന അവസ്ഥ കുറയ്ക്കണമെന്നും അദ്ദേഹം പറയുന്നു.

മാത്രമല്ല, ഇന്ത്യന്‍ കമ്പനികള്‍ ചൈനയുമായുള്ള മത്സരത്തില്‍ പരാജയപ്പെടുന്നത് പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, നിര്‍മാണ സാമഗ്രികള്‍, രാസവസ്തുക്കള്‍ തുടങ്ങിയവയാണ് പ്രധാനമായും ചൈനയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ചൈനയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നാണ് ഇന്ത്യ.

എന്നാല്‍, ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്നതിനേക്കാള്‍ കൂടുതലാണ് ഇന്ത്യയിലേക്കുള്ള ചൈനീസ് ഇറക്കുമതി. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഈ വ്യാപാര കമ്മിയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2016 ല്‍ 4900 കോടിയുടെ വ്യാപാര കമ്മിയായിരുന്നുവെങ്കില്‍ 2017 മാര്‍ച്ച് 31 വരെ അത് 5100 കോടിയുടേതാണ്. ഈ സമയത്ത് ഇന്ത്യയിലേക്ക് ഉണ്ടായ ഇറക്കുമതി 6130 കോടിയുടേതാണ് എന്നതാണ് ശ്രദ്ധേയം.

ചൈന സ്വന്തം കറന്‍സി മൂല്യം കഴിഞ്ഞ കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് കുറച്ചിരുന്നു. ഇത് ചൈനയില്‍ നിന്നുള്ള കയറ്റുമതി വര്‍ധിക്കാന്‍ കാരണമായി.

ഇതിനെത്തുടര്‍ന്ന്, ഇന്ത്യന്‍ വിപണിയില്‍ കുറഞ്ഞവിലയ്ക്ക് ഉത്പന്നങ്ങള്‍ എത്തിക്കാനും ചൈനീസ് വ്യവസായികള്‍ക്ക് സാധിക്കുമെന്ന സാഹചര്യം വന്നു. ചൈനിസ് കറന്‍സി ഇന്ത്യന്‍ രൂപയെ അപേക്ഷിച്ച് നിലവില്‍ ദുര്‍ബലമാണ്.

ഇന്ത്യന്‍ രൂപ ഡോളറിനെതിരെ ആറുശതമാനം കരുത്തുനേടിയപ്പോള്‍ ചൈനീസ് കറന്‍സിയായ യുവാന് നാലുശതമാനം നേട്ടമുണ്ടാക്കാനെ സാധിച്ചിട്ടുള്ളു. ഈ അവസ്ഥ തുടരുന്നത് കയറ്റുമതി വര്‍ധിപ്പിക്കാന്‍ ചൈനയെ കൂടുതല്‍ സഹായിക്കും.

Top