ബെയ്ജിങ്: കോവിഡ് 19 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ചൈനയുടെ വിവിധ ഭാഗങ്ങളില്‍ വീണ്ടും ലോക്ക്ഡൗണ്‍. വടക്കന്‍ ചൈനയിലെ അതിര്‍ത്തി പ്രദേശമായ ഇന്നര്‍ മംഗോളിയ സ്വയം ഭരണ പ്രദേശത്താണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതെന്ന് ചൈനീസ് അധികൃതര്‍ അറിയിച്ചു.
ഒരാഴ്ചയായി ഇവിടെ 150ല്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം. 1.8ലക്ഷമാണ് ഇവിടത്തെ ജനസംഖ്യ.
എജിന്‍ ബാനറിലെ 35,700 ഓളം പേരാണ് നിലവില്‍ വീടുകളില്‍ കഴിയുന്നത്. എറന്‍ഹോട്ട് നഗരത്തിലും സമാന ഉത്തരവിറങ്ങി. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ സിവില്‍-ക്രിമിനല്‍ നടപടി ക്രമങ്ങള്‍ പ്രകാരം കേസെടുക്കാനാണ് നിര്‍ദേശം.
അതേസമയം നിലവിലെ കോവിഡ് വ്യാപനത്തില്‍ നിരുത്തരവാദത്തിനും കോവിഡ് മാനേജ്‌മെന്റ് അനാസ്ഥക്കും ആരോഗ്യവകുപ്പിലെ ആറോളം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.നിലവിലെ കൊറോണ വൈറസ് ബാധ ഏഴുദിവസത്തിനുള്ളില്‍ 11ഓളം പ്രവിശ്യകളിലേക്ക് പടര്‍ന്നതായി ചൈനയുടെ നാഷനല്‍ ഹെല്‍ത്ത് കമീഷന്‍ പറയുന്നു. ഇന്നര്‍ മംഗോളിയ പ്രവിശ്യയില്‍ തിങ്കളാഴ്ച 38 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
കോവിഡ് വ്യാപനം തടയുന്നതിനായി ബെയ്ജിങ്, ഗാന്‍സു, നിംഗ്‌സിയ, ഗുയിഷോ എന്നിവിടങ്ങളില്‍ യാത്ര നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ പ്രവിശ്യകളില്‍ എല്ലാ ട്രെയിന്‍ സര്‍വിസുകളും വിനോദയാത്രകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
ഉയര്‍ന്ന വ്യാപന ശേഷിയുള്ള ഡെല്‍റ്റയുടെ വകഭേദമാണ് ഇവിടങ്ങളില്‍ പടര്‍ന്നുപിടിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം ആദ്യം ചൈനയില്‍ മൂന്നാംതരംഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമൂഹവ്യാപനം ഒഴിവാക്കാനാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നും അധികൃതര്‍ അറിയിച്ചു.