ഇറ്റാനഗര്‍ : ബ്രഹ്മപുത്രയിലെ വെള്ളം വഴി തിരിച്ചു വിടാന്‍ ചൈന ടണല്‍ നിർമ്മിക്കുന്നതായി റിപ്പോർട്ടുകൾ എത്തിയിരുന്നു.
ബ്രഹ്മപുത്രയിലല്ല ടിബറ്റന്‍ നദികളിലാണ് വൈദ്യുതി പദ്ധതികള്‍ നിര്‍മ്മിക്കുന്നതെന്ന് ചൈന വ്യക്തമാക്കിയിരുന്നു.
എന്നാൽ, ബ്രഹ്മപുത്രയിൽ ചൈന നിർമ്മാണങ്ങൾ ആരംഭിച്ചെന്നും അതിനാൽ നദി മലിനമായിരിക്കുകയാണെന്നും അരുണാചൽ കോണ്‍ഗ്രസ്സ് എംപി നിനോങ് എറിങ് വ്യക്തമാക്കി.
ചൈനയുടെ ടണല്‍ നിർമ്മാണം സംബന്ധിച്ച് പ്രധാനമന്ത്രിക്കയച്ച കത്തിലാണ് കോണ്‍ഗ്രസ് എംപി ഇക്കാര്യം പറയുന്നത്.
ബ്രഹ്മപുത്ര ചെളിയും മാലിന്യങ്ങളും കലര്‍ന്ന് മലിനമായെന്നും നദി കറുത്ത നിറത്തിലാണ് ഒഴുകുന്നതെന്നും എറിങ് സൂചിപ്പിച്ചു.
നദിയില്‍ നിന്ന് മത്സ്യങ്ങളും മറ്റ് ജീവജാലങ്ങളും അപ്രത്യക്ഷമായെന്നും അദ്ദേഹം പ്രധാനമന്ത്രിക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.
ചൈനയുടെ ഭാഗത്തു നിന്നുണ്ടാകുന്ന നിർമ്മാണ പ്രവർത്തനങ്ങളാണ് ഇത്തരത്തിൽ നദി മലിനമാകാൻ കാരണമെന്നും, ഇതിന് മുൻപ് നദി ഇത്തരത്തിൽ മലിനമായിട്ടില്ലെന്നും നിനോങ് എറിങ് കത്തിൽ പറയുന്നു.
അരുണാചല്‍ പ്രദേശില്‍ സിയാങ് എന്ന് വിളിക്കുന്ന ബ്രഹ്മപുത്ര നദിയുടെ ഈ അവസ്ഥയെ അന്താരാഷ്ട്ര സംഘത്തെ അയച്ച് നിരീക്ഷണം നടത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഇദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അരുണാചല്‍ പ്രദേശിലെ ജനങ്ങൾ ബ്രഹ്മപുത്ര നദിയെ ഒരിക്കലും ഇത്രയും മലിനമായി കണ്ടിട്ടില്ലെന്നും എറിങ് വ്യക്തമാക്കുന്നു.
ചൈന തങ്ങളുടെ ഭാഗത്തുള്ള നദിയില്‍ എന്തൊക്കെയോ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് തനിക്ക് ഉറപ്പാണെന്നും ഇദ്ദേഹം കത്തില്‍ വിശദീകരിക്കുന്നു.
ചൈന, ഇന്ത്യ, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളിലൂടെ ഒഴുകുന്ന ഒരു വലിയ നദിയാണ് ബ്രഹ്മപുത്ര.
ഷിന്‍ജിയാങ് പ്രവിശ്യയിലേക്ക് ജലമെത്തിക്കുന്നതിനായി ബ്രഹ്മപുത്ര പ്രവാഹത്തില്‍ നിന്ന് ഭൂരിഭാഗം ജലവും വഴിതിരിച്ചു വിടാന്‍ 1000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കമാണ് ചൈന നിർമ്മിക്കുകയെന്നായിരുന്നു റിപ്പോർട്ടുകൾ.
ബ്രഹ്മപുത്രയിൽ ടണൽ നിർമ്മിക്കുന്നില്ലെന്ന് ചൈന വ്യക്തമാക്കിയിരുന്നെങ്കിലും, ബ്രഹ്മപുത്ര മലിനമായിരിക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ്സ് എംപി പ്രധാനമന്ത്രിയ്ക്ക് കത്ത് നൽകിയിരിക്കുന്നത്.