ചൈനയില്‍ 1700 വര്‍ഷം പഴക്കമുള്ള പുരുഷന്റെ മമ്മി കണ്ടെത്തി

ബെയ്ജിംഗ്: ചൈനയില്‍ 1700 വര്‍ഷം പഴക്കം തോന്നിക്കുന്ന മമ്മി കണ്ടെത്തി.

വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലെ ക്വിന്‍ഗായില്‍ ആണ് 1.62 മീറ്റര്‍ നീളമുള്ള മമ്മി കണ്ടെത്തിയത്. യൗവ്വന പ്രായത്തില്‍ മരണമടഞ്ഞതെന്ന് കരുതുന്ന പുരുഷ ശരീരത്തിലെ തൊലി, മുടി എന്നിവ നാശം സംഭവിച്ചിട്ടില്ല. ശാന്തമായ മുഖഭാവത്തോടെ വയറിനുമേല്‍ കൈകള്‍ പിണച്ചുവെച്ച രൂപത്തിലായിരുന്നു മമ്മി എന്നാണ് റിപ്പോര്‍ട്ട്.

മാന്‍ഗായ് നഗരത്തിലെ അതിപുരാതനമായ സില്‍ക്ക് റോഡില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്ന മേഖലയിലാണ് മമ്മി കണ്ടെത്തിയതെന്ന് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. ഉണങ്ങിയ കാട്ടുചൂരല്‍, ശരീരം പൊതിയാനുപയോഗിച്ച പായ, കുതിരയുടെ കുളമ്പ്, പെണ്ണാടിന്റെ അസ്ഥികള്‍ എന്നിവക്കൊപ്പമായിരുന്നു മമ്മി കിടന്നത്. ഇവ അന്നത്തെ കാലത്ത് വരേണ്യ വിഭാഗക്കാര്‍ മരിച്ചാല്‍ മൃതദേഹത്തിനൊപ്പം അടക്കം ചെയ്യുന്നവയാണെന്ന് കരുതുന്നു.

ഹെയ്ക്‌സി പെര്‍ഫെക്ച്വറല്‍ മ്യൂസിയം ഓഫ് എത്‌നോളജിയില്‍ ഈ മമ്മി സൂക്ഷിച്ചുവെക്കും. വംശമടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി മമ്മിയുടെ ഡിഎന്‍എ പരിശോധന നടത്തുമെന്ന് മ്യൂസിയം ഡയറക്ടര്‍ ക്‌സിന്‍ ഫെംഗ് അറിയിച്ചു.

Top