ദോക്‌ലാം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇന്ത്യ ശ്രമിക്കണമെന്ന് ചൈന

ബീജിങ്: ദോക് ലാം പ്രതിസന്ധിയില്‍ നിന്നും ഇന്ത്യ പാഠം പഠിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി.

ബ്രിക്‌സ് ഉച്ചകോടിയുമായി ബന്ധപ്പെട്ടുള്ള വാര്‍ത്താസമ്മേളനത്തിനിടെയാണ് വാങ് യി ഇങ്ങനെ പറഞ്ഞത്.

ഭാവിയില്‍ അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇന്ത്യ ശ്രമിക്കണമെന്നും അദ്ദേഹം അറിയിച്ചു.

ഇരുരാജ്യത്തിന്റെ ഭാഗത്ത് നിന്നുമുള്ള കൂട്ടായ ശ്രമം ഭാവിയില്‍ നല്ല ബന്ധം ഉണ്ടാക്കാന്‍ കഴിയും. അത് ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ മാത്രമല്ല. അന്താരാഷ്ട്ര സമൂഹവും അതാണ് ആഗ്രഹിക്കുന്നതെന്നും വാങ് യി ചൂണ്ടിക്കാട്ടി.

ഇരു രാജ്യങ്ങളും വലിയ രാജ്യങ്ങള്‍ തന്നെയാണ്. അവിടെ പ്രശ്‌നങ്ങള്‍ ഉണ്ടാവുക സ്വാഭാവികം മാത്രം. പരസ്പരം സഹകരണം വലിയ സാധ്യത തന്നെ തുറന്നിടും. അത് ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് ഏറെ ഗുണകരമാവുമെന്നും വാങ് യി പറഞ്ഞു.

ഭൂട്ടാന്റെ അധീനതയിലുള്ള ദോക് ലാം ചൈനയുടെ നിയന്ത്രണത്തിലുള്ള ഭാഗമാണ്. ഇവിടെയുള്ള അതിര്‍ത്തിയില്‍ ഇന്ത്യ അനധികൃതമായി കയറിയത് മൂലമാണ് പ്രശ്‌നമുണ്ടായത്. ഇന്ത്യന്‍ സൈന്യം ഇപ്പോള്‍ ഇവിടെ നിന്നും പിന്‍വാങ്ങിയതിലൂടെ പ്രശ്‌നം പരിഹരിക്കപ്പെട്ടു. ദോക്‌ലാമില്‍ കടന്ന് കയറിയ ഇന്ത്യന്‍ സൈനികരെയും മറ്റ് ആയുധങ്ങളും ഉപകരണങ്ങളുമെല്ലാം ഇന്ത്യ പിന്‍വലിച്ചിട്ടുണ്ട്. അത് നല്ല കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top