ബെയ്ജിങ്: സമാധാനമാണു ആഗ്രഹിക്കുന്നതെന്നും എന്നാല്‍ രാജ്യത്തിന്റെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്.
പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ 90 ാം വാര്‍ഷികച്ചടങ്ങില്‍ സംസാരിക്കവെയാണു ജിന്‍പിങ് നിലപാടു വ്യക്തമാക്കിയത്. എന്നാല്‍ തന്റെ പ്രസംഗത്തില്‍ ഒരു രാജ്യത്തെയോ ഒരു പ്രശ്‌നത്തെയോ അദ്ദേഹം പേരെടുത്തു പരാമര്‍ശിച്ചില്ല.
കയ്യേറ്റമോ പ്രകോപനമോ ചൈന തേടില്ല. എന്നാല്‍ തങ്ങള്‍ക്കുനേരെയുള്ള കടന്നുകയറ്റത്തെ പരാജയപ്പെടുത്താനാ കുമെന്ന ആത്മവിശ്വാസമുണ്ട്. ചൈനയില്‍നിന്ന് ഒരു ഭാഗത്തെ അടര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങള്‍ അനുവദിച്ചു കൊടുക്കില്ല. രാജ്യത്തിന്റെ പരമാധികരം, സുരക്ഷ, വികസന താല്‍പ്പര്യങ്ങള്‍ തുടങ്ങിയവയെ ഹനിക്കുന്നവരെ വച്ചുപൊറുപ്പിക്കില്ലെന്നും, ജിന്‍പിങ് വ്യക്തമാക്കി.
ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി നേതാവ് സായ് ഇങ് വെന്‍ പ്രസിഡന്റ് ആയതിനെത്തുടര്‍ന്നു ചൈന തങ്ങളുടെ ഒരു പ്രവിശ്യയായി കാണുന്ന തായ്‌വാനുമായുള്ള പ്രശ്‌നങ്ങളും അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.
പ്രശ്‌നങ്ങള്‍ കൈവിട്ടുപോകുമെന്നു തോന്നിയാല്‍ സൈന്യത്തെ അയച്ചു തായ്‌വാനെ വരുതിയില്‍ നിര്‍ത്താന്‍ ചൈന ശ്രമിച്ചേക്കും.