ഇന്ത്യന്‍ സൈന്യം ആക്രമിക്കുമെന്ന്, പാക്കിസ്ഥാന് ചൈനയുടെ മുന്നറിയിപ്പ്

പാക്ക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിക്കുമെന്ന് മുന്നറിയിപ്പ്. ചൈനയാണ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജമ്മു കശ്മീരിലെ ആക്രമണത്തില്‍ ഇന്ത്യ സ്വീകരിച്ചിരിക്കുന്ന കടുത്ത നിലപാടിനെ ലോക രാഷ്ട്രങ്ങളും ആകാംക്ഷയോടെയാണ് ഉറ്റു നോക്കുന്നത്.

ജമ്മു കശ്മീരില്‍ ഭീകരര്‍ നടത്തുന്ന ആക്രമണ പരമ്പരയാണ് ഇന്ത്യന്‍ സൈന്യത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്. അനുമതി ലഭിച്ചാല്‍ ഉടന്‍ വീണ്ടുമൊരു മിന്നല്‍ ആക്രമണത്തിന് തയ്യാറായാണ് സൈന്യം നിലയുറപ്പിച്ചിരിക്കുന്നത്. ഇനി ഒരു മിന്നല്‍ ആക്രമണം നടത്തുകയാണെങ്കില്‍ അത് പാക്കിസ്ഥാന് നല്‍കുന്ന വലിയ പ്രഹരമായി മാറണമെന്ന വാശിയാണ് സൈന്യത്തിനുള്ളത്. ഇപ്പോഴത്തെ സംഭവ വികാസങ്ങളെ അമേരിക്കയും റഷ്യയും അതീവ ഗൗരവത്തോടെയാണ് നോക്കി കാണുന്നത്. ചൈനയെ സംബന്ധിച്ചും ഇന്ത്യയുടെ നീക്കങ്ങള്‍ നിര്‍ണ്ണായകമാണ്. ചൈനയുടെ ശത്രു രാജ്യങ്ങള്‍ അവസരം കാത്തിരിക്കുന്നതിനാല്‍ ഒരു പരിധിക്കപ്പുറം പാക്കിസ്ഥാനെ സഹായിക്കാന്‍ ചൈനക്കും സാധ്യമല്ല.

ചൈനയുടെ അയല്‍ രാജ്യമായ വിയറ്റ് നാം ഉള്‍പ്പെടെ ഇന്ത്യയുടെ അടുത്ത സുഹൃത്തുക്കളാണ്. അമേരിക്കന്‍ പടയെ തുരത്തിയ വീര ചരിത്രമുള്ള മണ്ണാണിത്. ബ്രഹ്‌മോസ് ഉള്‍പ്പെടെയുള്ള ആധുനിക ആയുധങ്ങള്‍ വിയറ്റ് നാമിനു ഇന്ത്യ നല്‍കിയതും പലതും കണ്ടിട്ടാണ്. പാക്കിസ്ഥാനെ ചൈന സഹായിച്ചാല്‍ വിയറ്റ്‌നാം ഉള്‍പ്പെടെയുള്ള ചൈനീസ് അതിര്‍ത്തികളിലും സ്ഥിതിമാറും. ശത്രു രാജ്യങ്ങള്‍ ഒരേസമയം സംഘര്‍ഷത്തിനു ശ്രമിച്ചാല്‍ നേരിടുക ചൈനക്കും പ്രയാസകരമാകും. മാത്രമല്ല സൈനികമായ സഹായം ചൈന പാക്കിസ്ഥാന് നല്‍കാന്‍ ശ്രമിച്ചാല്‍ റഷ്യയും ഉടക്കാനാണ് സാധ്യത. റഷ്യക്കു പുറമെ അമേരിക്ക, ഫ്രാന്‍സ്, ജപ്പാന്‍, ഇസ്രയേല്‍, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കും ഇന്ത്യയോടാണ് അനുഭാവമുള്ളത്.

അതേസമയം, അഫ്ഗാനിസ്ഥാനിലെ താലിബാനെ മുന്‍ നിര്‍ത്തി കശ്മീരില്‍ സംഘര്‍ഷം ഉണ്ടാക്കാനാണ് പാക്കിസ്ഥാന്‍ നിലവില്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് താലിബാനില്‍ തന്നെ ഭിന്നതയും രൂക്ഷമാണ്. ഇന്ത്യയെ പിണക്കരുത് എന്ന അഭിപ്രായം താലിബാനിലെ ഒരു വിഭാഗത്തിനുണ്ട്. ഇന്ത്യയുടെ അടുത്ത സുഹൃത്തായ ഖത്തറിനും താലിബാനുമേല്‍ വലിയ സ്വാധീനമാണുള്ളത്. ഇതും താലിബാന്‍ നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കുന്ന ഘടകമാണ്. ഇന്ത്യക്കെതിരെ തിരിഞ്ഞാല്‍ റഷ്യ എതിരാകുമെന്ന ഭയവും താലിബാനുണ്ട്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ അഫ്ഗാനിസ്ഥാനില്‍ ആക്രമണം നടത്തി താലിബാന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ നിഷ്പ്രയാസം തന്നെ ഇന്ത്യക്ക് സാധിക്കും. അഫ്ഗാന്‍ അതിര്‍ത്തിയില്‍ ഇന്ത്യക്ക് തന്ത്രപ്രധാനമായ വ്യാമതാവളവുമുണ്ട്. നേരിട്ട് ഒരു സംഘര്‍ഷമുണ്ടായാല്‍ നഷ്ടം താലിബാനു തന്നെ ആയിരിക്കും. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് ഏറ്റവും ശക്തമായ നെറ്റ് വര്‍ക്കുള്ള രാജ്യം കൂടിയാണ് അഫ്ഗാനിസ്ഥാന്‍. അത് ഇപ്പാഴും അങ്ങനെ തന്നെയാണ്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് തല്‍ക്കാലം ഇന്ത്യയെ പ്രകോപിപ്പിക്കേണ്ടതില്ല എന്നതാണ് താലിബാന്‍ നേതൃനിരയിലെ പ്രമുഖരുടെ തീരുമാനം. എങ്കിലും, പാക്കിസ്ഥാന്‍ ഇപ്പോഴും ശ്രമം ഉപേക്ഷിച്ചിട്ടില്ല.

ഇന്ത്യയിലേക്ക് ഭീകരരെ കയറ്റിവിട്ട് സംഘര്‍ഷം വ്യാപിപ്പിക്കാനും പാക്കിസ്ഥാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ട്. ഇതിനായി ഭീകര ഗ്രൂപ്പുകളെയാണ് കൂട്ടുപിടിച്ചിരിക്കുന്നത്. ഇങ്ങനെ നുഴഞ്ഞു കയറിയവരാണിപ്പോള്‍ ജമ്മുകശ്മീരില്‍ ആക്രമണം നടത്തുന്നത്. സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ നിരവധി ഭീകരരും ഇതിനകം തന്നെ കൊല്ലപ്പെട്ടിട്ടുണ്ട്.

ഷോപ്പിയാന്‍, അനന്ത്‌നാഗ്, പുല്‍വാമ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടല്‍ കാര്യമായി നടന്നിരിക്കുന്നത്. മൂന്നിടങ്ങളിലും ഭീകരവാദികളുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം തെരച്ചില്‍ നടത്തിയിരുന്നത്. ഷോപ്പിയാനില്‍ സൈന്യം തെരച്ചില്‍ നടത്തുന്ന ഘട്ടത്തില്‍ ഭീകരവാദികള്‍ വെടിയുതിര്‍ക്കുകയാണുണ്ടായത്. ഇവിടെ സംയുക്തസേന വീണ്ടും തെരച്ചില്‍ തുടരുകയാണ്. സേനാവിഭാഗങ്ങള്‍ മാത്രമല്ല സിആര്‍പിഎഫും പൊലീസുമൊക്കെ സംയുക്ത സേനയിലുണ്ട്. കരസേനാ മേധാവി നരവനെയും കശ്മീരില്‍ തുടരുകയാണ്. അദ്ദേഹം ഇവിടങ്ങളില്‍ നേരിട്ട് സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്.

അതേസമയം, കശ്മീരിലെ സാധാരണക്കാര്‍ക്കുനേരെയുണ്ടായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ എന്‍.ഐ.എക്കു കൈമാറിയിട്ടുണ്ട്. കശ്മീരില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ തുടര്‍ച്ചയായുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

സാധാരണക്കാര്‍ക്കു നേരെ തുടര്‍ച്ചയായി ആക്രമണങ്ങളുണ്ടാവുന്നത് ജമ്മു കശ്മീരില്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നത്. 11 സാധാരണക്കാരാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടിരിക്കുന്നത്. ഇതില്‍ അഞ്ച് ഇതരസംസ്ഥാന തൊഴിലാളികളും ഉള്‍പ്പെടുന്നുണ്ട്. ഭീകരരുടെ പുതിയ തന്ത്രമായാണ് ഈ ആക്രമണങ്ങളെ കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നത്.

അതുകൊണ്ടുതന്നെ പ്രത്യാക്രമണവും സൈന്യം രൂക്ഷമാക്കിയിട്ടുണ്ട്. അതിര്‍ത്തിയിലെ ഭീകര താവളങ്ങള്‍ ഏതൊക്കെയാണെന്നതും സൈന്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിനായി ഉപഗ്രഹ ചിത്രങ്ങളും ശേഖരിച്ചിട്ടുണ്ട്. അതിര്‍ത്തി കടന്ന ഒരു ആക്രമണം അത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം എന്നതാണ് നിലവിലെ അവസ്ഥ. ഇന്ത്യയുടെ ഭാഗത്ത് നിന്നും ഒരു തിരിച്ചടി പാക്കിസ്ഥാനും ഇപ്പോള്‍ പ്രതീക്ഷിക്കുന്നുണ്ട്.

EXPRESS KERALA VIEW

Top