അമേരിക്ക- ചൈന വ്യാപാര തര്‍ക്കം; കൂടുതല്‍ പ്രത്യാഘാതമുണ്ടാവുക ചൈനക്കെന്ന് ഐഎംഎഫ്

ന്യൂഡല്‍ഹി: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കത്തില്‍ കൂടുതല്‍ പ്രത്യാഘാതമുണ്ടാവുക ചൈനക്കെന്ന് ഐഎംഎഫ്. അന്താരാഷ്ട്ര നാണയ നിധിയുടെ മുഖ്യ സാമ്പത്തിക വിദഗ്ധയായ ഗീതാഗോപിനാഥാണ് ഇത്തരമൊരു വിലയിരുത്തല്‍ നടത്തി രംഗത്തെത്തിയിരിക്കുന്നത്.

ആഗോള വ്യാപാരത്തിലാണ് ചൈന കൂടുതല്‍ ഏര്‍പ്പെട്ടിട്ടുള്ളത്. ഈ സാഹചര്യത്തില്‍ അമേരിക്ക- ചൈന വ്യാപാര തര്‍ക്കം അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും, ആഗോള സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുമെന്നാണ് ഗീതാഗോപിനാഥിന്റെ മുന്നറിയിപ്പ്. അതേസമയം ചൈനയില്‍ നിന്ന് കൂടുതല്‍ കമ്പനികള്‍ പിന്‍മാറുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാര തര്‍ക്കം കൂടുതല്‍ ശക്തമായാല്‍ വലിയ വെല്ലുവിളികളെ ലോക സാമ്പത്തിക രംഗം മറികടക്കേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. ട്രംപ് ഭരണകൂടം ചൈനീസ് കമ്പനികള്‍ക്കെതിരേ അന്താരാഷ്ട്ര തലത്തില്‍ ഉപരോധ നീക്കങ്ങളും ശക്തമാക്കിയിട്ടുണ്ട്. ചൈനീസ് ഭരണകൂടം അമേരിക്കന്‍ കമ്പനികളെ വേണ്ട വിധത്തില്‍ പരിഗണിക്കുന്നില്ലെന്നാണ് പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് ആരോപിക്കുന്നത്.

അതേസമയം അമേരിക്കന്‍ ഭരണകൂടത്തിന്റെ അധിക നികുതി ചുമത്തില്‍ നിരവധി ഏഷ്യന്‍ രാജ്യങ്ങളിലെ കമ്പനികളെ ബാധിച്ചിട്ടുണ്ട്. മാതൃ രാജ്യത്തേക്കും, മറ്റ് രാജ്യങ്ങളിലേക്കും പ്രവര്‍ത്തനം വിപുലപ്പെടുത്താനുള്ള തയാറെടുപ്പാണ് വിവിധ ഏഷ്യന്‍ കമ്പനികള്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്.

Top