ഹാങ്ഷൂ: ഇന്ത്യയുമായി ‘ആയാസകര’മായ ബന്ധം തുടരാന്‍ തയ്യാറാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ജിന്‍പിങ് ഇക്കാര്യം അറിച്ചത്.
ജി20 ഉച്ചകോടിയ്ക്ക് മുന്നോടിയായി നടന്ന ബ്രിക്‌സ് നേതാക്കളുടെ യോഗത്തിന് എത്തിയപ്പോഴാണ് ഇന്ത്യ-ചൈന രാഷ്ട്രത്തലവന്‍മാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.
മൂന്നുമാസത്തിനിടെ രണ്ടാംതവണയാണ് മോദിയും ജിന്‍പിങും തമ്മില്‍ കാണുന്നത്. അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ ഇരു നേതാക്കളും വ്യത്യസ്ത വിഷയങ്ങളില്‍ ചര്‍ച്ച നടത്തി.
ഇന്ത്യയുമായി കൂടുതല്‍ സഹകരണത്തിനും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജിന്‍പിങ് പറഞ്ഞതായി ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ടു ചെയ്യുന്നു.
ഇന്ത്യയും ചൈനയും തമ്മില്‍ കശ്മീര്‍ തീവ്രവാദം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ചൈനീസ് പ്രധാനമന്ത്രിയുടെ പ്രസ്താവന. ഇന്ത്യയുടെ എന്‍എസ്ജി അംഗത്വത്തിനുള്ള ശ്രമം ചൈനയുടെ എതിര്‍പ്പു മൂലം പാഴായതു മുതല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ഉലച്ചില്‍ തട്ടിയിരുന്നു.
അധിനിവേശ കശ്മീരിലൂടെ ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി (സിപെക്) നിര്‍മിക്കാന്‍ ചൈന തീരുമാനിച്ചിരുന്നു. യുഎന്നില്‍ പാക് തീവ്രവാദ വിഷയത്തിലും ഇന്ത്യക്ക് എതിരായ നിലപാടായിരുന്നു ചൈന സ്വീകരിച്ചിരുന്നത്.
ഇതിനിടെ ഇന്ത്യ അമേരിക്കയുമായി സൈനിക താവള സഹകരണ കരാര്‍ ഒപ്പിട്ടതും ചൈനീസ് അതിര്‍ത്തിയില്‍ ബ്രഹ്മോസ് മിസൈലുകള്‍ സ്ഥാപിച്ചതും ചൈനയെ പ്രകോപിപ്പിച്ചിരുന്നു.