പാംഗോങ് മലനിരകളില്‍ സേനാ പിന്മാറ്റത്തിന് ഉപാധി വച്ച് ചൈന; വിട്ടുകൊടുക്കാതെ ഇന്ത്യ

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലുള്ള പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകളില്‍ സേനാ പിന്‍മാറ്റത്തിന് ഉപാധി വച്ച് ചൈന. ഉപാധിയുടെ മറവില്‍ കൂടുതല്‍ കടന്നുകയറ്റത്തിനു ചൈന ശ്രമിച്ചേക്കാമെന്ന സംശയത്തില്‍, അതീവ ജാഗ്രത തുടര്‍ന്ന് ഇന്ത്യന്‍ സേന. അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യന്‍ ഭാഗത്തുള്ള ചുഷൂലില്‍ ഉന്നത സേനാ കമാന്‍ഡര്‍മാര്‍ ഇന്നലെ കൂടിക്കാഴ്ച നടത്തിയെങ്കിലും സേനകളുടെ പൂര്‍ണ പിന്‍മാറ്റത്തിന് ഇനിയും സമയമെടുക്കുമെന്ന സൂചനകളാണു പുറത്തുവരുന്നത്.

ഇന്ത്യയുടെ ലഫ്. ജനറല്‍ ഹരീന്ദര്‍ സിങ്, ചൈനയുടെ മേജര്‍ ജനറല്‍ ലിയു ലിന്‍ എന്നിവര്‍ തമ്മിലുള്ള കൂടിക്കാഴ്ചയിലെ വിശദാംശങ്ങള്‍ സംബന്ധിച്ച് ഇരു സേനകളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നിലവില്‍ ഇരുസേനകളും മുഖാമുഖം നില്‍ക്കുന്ന നാലാം മലനിരയില്‍ (ഫിംഗര്‍ 4) നിന്ന് 5 കിലോമീറ്റര്‍ പിന്നിലുള്ള രണ്ടിലേക്ക് (ഫിംഗര്‍ 2) ഇന്ത്യന്‍ സേന പിന്മാറിയാല്‍, തങ്ങളും ആനുപാതികമായി പിന്മാമെന്നാണു (നാലില്‍ നിന്ന് ആറിലേക്ക്) ചൈനയുടെ വാഗ്ദാനം.

എന്നാല്‍, ഒന്നു മുതല്‍ 8 വരെയുള്ള മലനിരകള്‍ തങ്ങളുടേതാണെന്നും ചൈനീസ് സേന അതിനപ്പുറത്തേക്കു മാറി അതിര്‍ത്തിയിലെ പൂര്‍വ സ്ഥിതി പുനഃസ്ഥാപിക്കണമെന്നുമുള്ള ഉറച്ച നിലപാടിലാണ് ഇന്ത്യ.മുന്‍പു നടന്ന ചര്‍ച്ചയില്‍ ഗല്‍വാനില്‍ നിന്ന് ഇരുസേനകളും സമാന രീതിയില്‍ ഏതാനും കിലോമീറ്റര്‍ പിന്നോട്ടു മാറാന്‍ ധാരണയിലെത്തിയിരുന്നു. ഇന്ത്യ പിന്മാറിയപ്പോള്‍, ധാരണ ലംഘിച്ചു ചൈന അവിടെ തുടര്‍ന്നതാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്.

Top