പ്രണയത്തിന് എന്ത് കൊറോണ; ചൈനക്കാരിയെ വധുവാക്കി ഇന്ത്യക്കാരന്‍

മന്ദ്‌സൗര്‍: ചൈനയെയും ചൈനക്കാരെയും കൊറോണ പേടിയോടെ ലോകം നോക്കുമ്പോള്‍ ഇവിടെയിതാ ഒരു ഇന്തോ -ചൈന വിവാഹം. കഴിഞ്ഞ ദിവസം മധ്യപ്രദേശിലിലെ മന്ദ്‌സൗറിലാണ് ജി ഹൊ എന്ന ചൈനക്കാരിയെ സത്യാര്‍ത്ഥ് മിശ്ര എന്ന ഇന്ത്യക്കാരന്‍ താലി ചാര്‍ത്തിയത്. ഇതിലൂടെ പ്രണയത്തിന് കൊറോണ പോലും പ്രശ്‌നമല്ലെന്ന് ഇരുവരും തെളിയിക്കുകയായിരുന്നു.

അഞ്ച് വര്‍ഷം മുമ്പ് കാനഡയിലെ ഷെറിഡണ്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോഴാണ് ചൈനക്കാരിയായ ജി ഹൊയെ സത്യാര്‍ത്ഥ് മിശ്ര കണ്ടുമുട്ടുന്നത്. വൈകാതെ ഇരുവരും സുഹൃത്തുക്കളാവുകയും പിന്നീട് ആ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയുമായിരുന്നു. തുടര്‍ന്ന് മാതാപിതാക്കളുടെ അനുവാദത്തോടെ വിവാഹം കഴിക്കാനായിരുന്നു ഇവരുടെ തീരുമാനം.

അങ്ങനെയാണ് സത്യാര്‍ത്ഥയുടെ ജന്മനാട്ടില്‍ വെച്ച് ഫെബ്രുവരി രണ്ടിന് ഇന്ത്യന്‍ ആചാരങ്ങള്‍ പ്രകാരം വിവാഹിതരാകാന്‍ ഇരുവരും തീരുമാനിച്ചത്. വധുവിന്റെ മാതാപിതാക്കള്‍ അടുത്ത മൂന്ന് ബന്ധുക്കളോടൊപ്പം ജനുവരി 29 നാണ് ഇന്ത്യയിലെത്തിയത്. ആദ്യം വിവാഹനിശ്ചം നടത്തി. പിന്നീട് നിശ്ചയിച്ച ദിവസം തന്നെ ഇരുവരും വിവാഹിതരാവുകയായിരുന്നു.

ചൈനയില്‍ വെച്ചും വിവാഹ ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചുവെങ്കിലും കൊറോണയുടെ പശ്ചാത്തലത്തില്‍ നീട്ടിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഈ വിവാഹത്തിലൂടെ കൊറോണയെ മാത്രം പേടിച്ചാല്‍ മതിയെന്നും ചൈനയേയും ചൈനക്കാരെയും പേടിക്കേണ്ട എന്നും പറഞ്ഞുവയ്ക്കുകയാണ് ഈ നവദമ്പതികള്‍.

Top