ചൈനയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോഴ്സും ഇന്ത്യന്‍ നിരത്തിലേക്ക് എത്താനൊരുങ്ങുകയാണ്. ഇന്ത്യയില്‍ ഏറെ ആവശ്യക്കാരുള്ള പാസഞ്ചര്‍ വാഹന ശ്രേണിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഗ്രേറ്റ് വാള്‍ മോട്ടോഴ്സ് വരുന്നത്. 2020 ന്റെ ആദ്യം ഹവല്‍ മോട്ടോഴ്സ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ ചൈനയിലെ ഏറ്റവും വലിയ എസ്.യു.വി, പിക്കപ്പ് ട്രക്ക് നിര്‍മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോഴ്സിനു കീഴില്‍ ഗ്രേറ്റ് വാള്‍, ഹവല്‍, വേ, ഒആര്‍എ എന്നീ നാല് ബ്രാന്‍ഡുകളുണ്ട്. ചൈനയില്‍ സെഡാന്‍, പിക്കപ്പ് ട്രക്ക്, പാസഞ്ചര്‍ കാര്‍ എന്നിവയാണ് ഗ്രേറ്റ് വാളിലൂടെ പുറത്തിറങ്ങുന്നത്. എസ്.യു.വികളിലാണ് ഹവലിന്റെ ശ്രദ്ധ. മാത്രമല്ല വേയിലൂടെ ആഡംബര വാഹനങ്ങളും ഒആര്‍എ ഇലക്ട്രിക് വാഹനങ്ങളുമാണ് പുറത്തിറക്കുന്നത്.
കമ്പനിയുടെ നിര്‍മാണ കേന്ദ്രത്തിനായി മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ് പരിഗണനയിലുള്ളത്. ഇതില്‍ കൂടുതല്‍ പ്രാധാന്യം ഉള്ളത് മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനുമാണ്.