ബെയ്ജിംഗ്: അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യാന്തര വെല്ലുവിളികള്‍ നേരിടാന്‍ ലക്ഷ്യമിട്ടു കടലില്‍ ചൈനീസ് നാവിക സേനയുടെ അഭ്യാസപ്രകടനം. ചൈനയുടെ ആദ്യ വിമാന വാഹിനികപ്പല്‍ ഉപയോഗിച്ചുള്ള നാവികാഭ്യാസത്തില്‍ നിരവധി സേനാംഗങ്ങളും യുദ്ധവിമാനങ്ങളും പങ്കെടുത്തു.
അഭ്യാസപ്രകടനത്തിന്റെ വിഡിയോകളും സേന പുറത്തുവിട്ടു. എന്നാല്‍ എവിടെയാണ് നടത്തിയതെന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ചൈന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലിയോണിംഗ് എന്ന വിമാനവാഹിനി കപ്പലില്‍ വന്‍ അത്യാധുനിക സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ജെ–15 യുദ്ധവിമാനങ്ങള്‍ക്ക് പറന്നുയരാനും ഇറങ്ങാനും കപ്പലില്‍ സാധിക്കും. കടല്‍വഴിയുള്ള ഏതൊരു ആക്രമണത്തെയും നേരിടാന്‍ ഈ കപ്പല്‍ സജ്ജമാണെന്ന് ചൈനീസ് നാവിക സേന അറിയിച്ചു.
1988ല്‍ യുക്രെയ്‌നില്‍ നിന്ന് വാങ്ങിയ കപ്പല്‍ ഭാഗങ്ങള്‍ ഉപയോഗപ്പെടുത്തി തദ്ദേശീയമായി വികസിപ്പിച്ചാണ് ലിയോണിംഗ് നീറ്റിലിറക്കിയത്. ദക്ഷിണ ചൈനാ കടലില്‍ ശക്തിപ്രകടനം നടത്താന്‍ ലക്ഷ്യമിട്ടാണ് ലിയോണിങ്ങിന്റെ പുതിയ അഭ്യാസപ്രകടനമെന്നാണ് കരുതുന്നത്.