ബെയ്ജിങ്ങ് : യുദ്ധത്തിന് സജ്ജരായിരിക്കാനും പരിശീലനം ശക്തമാക്കാനും പട്ടാളക്കാര്‍ക്ക് ചൈനയുടെ നിര്‍ദേശം. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ പുതുവത്സര സന്ദേശത്തിലാണ് അറിയിപ്പുള്ളത്.
മികച്ച പട്ടാളക്കാരെ വാര്‍ത്തെടുക്കുന്നതിലും യുദ്ധത്തിന് സജ്ജരായിരിക്കുന്നതിലുമായിരിക്കണം 2019 ല്‍ മുഖ്യപരിഗണന നല്‍കേണ്ടത്. സൈന്യത്തില്‍ സാങ്കേതിക വിദ്യയുടെ സേവനം വളര്‍ത്തിയെടുക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണം. ഈ വിഷയങ്ങളില്‍ ഒരുതരത്തിലുള്ള അനാസ്ഥയും അനുവദിക്കില്ല.
എല്ലാതരത്തിലുള്ള സൈനിക വിഭാഗങ്ങളും കരുത്തരായിരിക്കണം. അടിയന്തര ഘട്ടങ്ങളില്‍ ശക്തമായി പ്രതികരിക്കാന്‍ ആകണം. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും വിജയിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കണമെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്.
തായ് വാന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കില്ലെന്ന് കഴിഞ്ഞ ദിവസം ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പട്ടാളക്കാര്‍ക്ക് നല്‍കിയ പുതുവത്സര സന്ദേശം ചര്‍ച്ചയായത്.
അതേസമയം ദക്ഷിണ ചൈന കടലിലെ തര്‍ക്ക പ്രദേശമായ പാരാസല്‍ ദ്വീപുകളില്‍ ചൈന പുതിയ ആയുധവിന്യാസം നടത്തുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സാറ്റ്ലൈറ്റ് ചിത്രങ്ങളാണ് ചൈനയുടെ പുതിയ നീക്കം പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ദ്വീപിന്റെ വടക്കന്‍ ഭാഗത്തായി സൗരോര്‍ജ്ജ പാനലുകളും റഡാറുകളില്‍ നിന്നും മറ്റും രക്ഷ നേടാന്‍ സഹായിക്കുന്ന ഒരു താഴികക്കുടവുമാണ് പുതുതായി നിര്‍മിച്ചിരിക്കുന്നത്.
ചൈനയും വിയറ്റ്‌നാമും തായ്‌വാനും ഉടമസ്ഥാവകാശം ഉന്നയിക്കുന്ന പ്രദേശമാണു പാരാസല്‍ ദ്വീപുകള്‍. പാരാസല്‍ ദ്വീപുകളില്‍ എണ്ണ ഖനനം ആരംഭിക്കാന്‍ ചൈന ഒരുങ്ങിയെങ്കിലും പിന്നീട് പിന്മാറി. ചൈനീസ് ഖനന നീക്കത്തെ തുടര്‍ന്നു വിയറ്റ്‌നാമില്‍ വന്‍പ്രക്ഷോഭം ഉണ്ടായിരുന്നു. 1974ല്‍ ദക്ഷിണ വിയറ്റ്‌നാമുമായി നടന്ന യുദ്ധം മുതല്‍ ചൈനയുടെ നിയന്ത്രണത്തിലാണ് ഈ ദ്വീപ്.