ഗല്‍വാന്‍ താഴ്വര തങ്ങളുടേത്; ചൈനയുടെ അവകാശ വാദം തള്ളി ഇന്ത്യ

ന്യൂഡല്‍ഹി:കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്വര തങ്ങളുടേതാണെന്ന ചൈനയുടെ അവകാശവാദത്തെ തള്ളി ഇന്ത്യ. ചൈനയുടെ അവകാശവാദം അംഗീകരിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ
അറിയിച്ചു.

‘സാഹചര്യം ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യണമെന്നും സീനിയര്‍ കമാന്‍ഡര്‍മാര്‍ക്കിടയില്‍ ജൂണ്‍ ആറിന് എത്തിച്ചേര്‍ന്ന ധാരണകള്‍ ആത്മാര്‍ത്ഥമായി നടപ്പാക്കണമെന്നും ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ട്. അതിശയോക്തിപരവും അപ്രാപ്യവുമായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് ഈ ധാരണയ്ക്ക് വിരുദ്ധമാണ്’ വിദേശകാര്യ വക്താവ് അറിയിച്ചു.

ലഡാക്കിലെ സംഭവവികാസങ്ങളെക്കുറിച്ച് വിദേശകാര്യ മന്ത്രിയും ചൈനയുടെ വിദേശകാര്യമന്ത്രിയും ബുധനാഴ്ച രാത്രി ഒരു ഫോണ്‍ സംഭാഷണം നടത്തിയതായും ശ്രിവാസ്തവ പറഞ്ഞു.

5 ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ അതിര്‍ത്തി സംഘര്‍ഷത്തിന്റെ വക്കിലാണ് ഇന്ത്യയും ചൈനയും. കിഴക്കന്‍ ലഡാക്കില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികരും നാല്‍പതോളം ചൈനീസ് സൈനികരുമാണ് കൊല്ലപ്പെട്ടത്.

സംഘര്‍ഷം കൈവിട്ടുപോയത് പ്രദേശത്തു തുടര്‍ന്നുപോന്ന സ്ഥിതിഗതികളില്‍ ഏകപക്ഷീയമായ തീരുമാനം ചൈന എടുത്തതിനാലാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പറയുന്നത്.

Top