ന്യൂഡല്‍ഹി: ഇന്ത്യയുടെ തന്ത്രപരമായ നീക്കത്തില്‍ വെട്ടിലായത് ചൈന.
പാക്കിസ്ഥാനെ ലക്ഷ്യമിട്ട് ഇന്ത്യ നടത്തുന്ന ഏത് നീക്കവും മേഖലയിലെ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കാണ് തിരിച്ചടിയാവുക എന്നതാണ് ചൈനയുടെ ഉറക്കം കെടുത്തുന്നത്.
വരുംകാലങ്ങളില്‍ ലോകത്തിന്റെ ഗതി തന്നെ നിയന്ത്രിക്കാന്‍ പോകുന്നത് ഏഷ്യയാണെന്നിരിക്കെ പാക്കിസ്ഥാന്‍ വഴി ചൈന നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സാമ്പത്തിക ഇടനാഴിക്ക് വേണ്ടി 50 ബില്യണ്‍ യുഎസ് ഡോളറാണ് ഇതിനകം ചൈന മുടക്കിയിട്ടുള്ളത്.
പാക്ക് അധീന കാശ്മീര്‍ വഴി ബലൂചിസ്ഥാന്‍ ഗോദര്‍ തുറമുഖം വരെ നീളുന്ന 3000 കിലോമീറ്റര്‍ സാമ്പത്തിക ഇടനാഴി ശാശ്വതമായാല്‍ ചൈനക്ക് കടല്‍ മാര്‍ഗ്ഗം ആശ്രയിക്കാതെ ദ്രുതഗതിയില്‍ യൂറോപ്പിലേക്കും അറബ് രാജ്യങ്ങളിലേക്കും ചരക്ക് കയറ്റി അയക്കാന്‍ പറ്റും.
വാതക പൈപ്പ് ലൈന്‍,റെയില്‍-റോഡ് ഗതാഗതം എന്നിവയാണ് സാമ്പത്തിക ഇടനാഴി വഴി ചൈന ലക്ഷ്യമിടുന്നത്.
ഇതുവഴി എളുപ്പത്തില്‍ സൈനിക വിന്യാസവും നടത്താന്‍ പറ്റുമെന്നതിനാല്‍ ഭാവിയില്‍ ഇന്ത്യക്ക് വന്‍ വെല്ലുവിളിയാണ്.
ഇതെല്ലാം മുന്നില്‍ കണ്ടുകൊണ്ട് കൂടിയാണ് ഇപ്പോള്‍ ഇന്ത്യ പാക്കിസ്ഥാനെതിരെ സ്വീകരിക്കുന്ന തന്ത്രങ്ങളെന്നാണ് ചൈന വിലയിരുത്തുന്നത്.
പാക് അധീന കാശ്മീരില്‍ പാക്കിസ്ഥാന്റെ താല്‍പര്യത്തിനനുസരിച്ച് ചൈന നിലപാടെടുക്കുന്നതും ബലൂചിസ്ഥാന്‍ വിഷയത്തില്‍ മൗനം പാലിക്കുന്നതും സ്വപ്നപദ്ധതി മുന്‍നിര്‍ത്തി മാത്രമാണ്.
പാക്കിസ്ഥാനുമായി ഇന്ത്യ യുദ്ധത്തിലേര്‍പ്പെടുന്ന സാഹചര്യമുണ്ടായാല്‍ ആദ്യം തന്നെ സാമ്പത്തിക ഇടനാഴി ലക്ഷ്യമിട്ട് ആക്രമണം നടക്കുമെന്നാണ് ചൈനീസ് രഹസ്യാന്വേഷണ വിഭാഗങ്ങളും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
യുദ്ധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ പാക് അധീന കാശ്മീര്‍ ഇന്ത്യ പിടിച്ചെടുക്കുമെന്നും ബലൂചിസ്ഥാനെ മോചിപ്പിക്കുമെന്നും അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ വിലയിരുത്തിയതായി പ്രമുഖ അമേരിക്കന്‍ ന്യൂസ് പോര്‍ട്ടലും വാര്‍ത്ത പുറത്ത് വിട്ടിരുന്നു.
ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ച് പാക് താല്‍പര്യത്തിനാണ് ചൈന പ്രഥമ പരിഗണന നല്‍കുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സാര്‍ക് രാഷ്ട്രങ്ങളില്‍ നേപ്പാള്‍,ശ്രീലങ്ക,അഫ്ഗാനിസ്ഥാന്‍,ബംഗ്ലാദേശ്,ഭൂട്ടാന്‍ എന്നിവര്‍ ഇന്ത്യക്കൊപ്പം നിലയുറപ്പിച്ചതും അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ഉള്‍പ്പെടെയുള്ള ബഹുഭൂരിപക്ഷം യൂറോപ്യന്‍ രാഷ്ട്രങ്ങളുടെയും റഷ്യയുടെയുമെല്ലാം പിന്‍തുണ ഇന്ത്യക്കുള്ളതും പാക്കിസ്ഥാനൊപ്പം ചേര്‍ന്ന് ഇന്ത്യക്കെതിരെ നീങ്ങുന്നതില്‍ നിന്ന് ചൈനയെ പിറകോട്ടടിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ നിലനില്‍പ്പിനായി ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള നീക്കങ്ങള്‍ ചൈന ഇതിനകം ആരംഭിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായാണ് ബ്രഹ്മപുത്രയുടെ പോഷകനദി അടച്ച ചൈനയുടെ നടപടി.
ചൈനയുടെ പിന്‍തുണ സംബന്ധമായ പാക് ആശങ്ക ദുരീകരിക്കുന്നതിന് വേണ്ടി കൂടിയാണ് ഈ നടപടിയെന്നാണ് സൂചന.
സിന്ധു നദീതട കരാര്‍ റദ്ദാക്കാനുള്ള ഇന്ത്യന്‍ നീക്കത്തെ പാക്കിസ്ഥാന് വേണ്ടി പ്രതിരോധിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് ഈ നീക്കമത്രെ.
ഇന്ത്യയിലേക്കും ബംഗ്ലാദേശിലേക്കും ഒഴുകുന്ന ബ്രഹ്മപുത്രയുടെ പോഷകനദിയായ സിയാബു നദി സിക്കിം അതിര്‍ത്തിയില്‍ നിന്ന് അധികം ദൂരയല്ലാത്ത ഷാഗാറ്റ്‌സെയിലാണ് അടച്ചിരിക്കുന്നത്. ഈ നദിയില്‍ ലാല്‍ഹോ പദ്ധതിയെന്ന പേരില്‍ 4925 കോടിയുടെ അണക്കെട്ട് നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ് ചൈന. ഷിഗാറ്റ്‌സെയിലാണ് സിയാബു ബ്രഹ്മപുത്രയോട് ചേരുക ഇതിനു ശേഷം ബ്രഹ്മപുത്ര അരുണാചല്‍ പ്രദേശിലേക്കു കടക്കും.
ഉറി ഭീകരാക്രമണത്തിനു ശേഷമാണ് വെള്ളവും രക്തവും ഒരേസമയം ഒഴുക്കാന്‍ കഴിയുകയില്ലെന്നു പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സിന്ധുനദി ജലക്കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചത്.
മുംബൈ ഭീകരാക്രമണത്തിന്റെയും പത്താന്‍കോട്ട്, ഉറി ആക്രമണങ്ങളുടെയും സൂത്രധാരന്‍ ജയ്‌ഷെ മുഹമ്മദ് തലവന്‍മസൂദ് അസറിനു മേല്‍ യു.എന്‍ ഉപരോധം കൊണ്ടുവരാനുള്ള ഇന്ത്യന്‍ നീക്കം വീറ്റോ അധികാരം ഉപയോഗിച്ച് ആറുമാസത്തേക്കുകൂടി തടഞ്ഞും ചൈന പാക്കിസ്ഥാന്റെ രക്ഷക്കെത്തിയിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചിലും ഇന്ത്യയുടെ അപേക്ഷ ചൈന വീറ്റോ ഉപയോഗിച്ച് തടഞ്ഞിരുന്നു.
15 അംഗ യു.എന്‍ രക്ഷാസമിതിയില്‍ ചൈനമാത്രമാണ് പാക്കിസ്ഥാനും മസൂദ് അസറിനും പിന്തുണ നല്‍കുന്നത്. അമേരിക്കയും റഷ്യയും അടക്കമുള്ള രാജ്യങ്ങളുടെയെല്ലാം പിന്‍തുണ ഇക്കാര്യത്തില്‍ ഇന്ത്യക്കാണ്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ചൈന എന്ത് പ്രതിരോധ തന്ത്രം മെനഞ്ഞാലും അത് തകര്‍ക്കാനുള്ള ശേഷിയും അന്താരാഷ്ട്രതലത്തിലുള്ള പിന്‍തുണയും ഇന്ത്യക്കുള്ളതിനാല്‍ പാക് പ്രകോപനം ആത്യന്തികമായി ചൈനക്ക് കൂടി വന്‍ ‘നഷ്ടക്കച്ചവട’മാവുമെന്നാണ് നയതന്ത്ര വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.