ഇസ്ലാമാബാദ്: ചൈനയും പാകിസ്ഥാനും തമ്മിലുള്ള തന്ത്രപരമായ സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 1,200 മെഗാവാട്ട് ആണവ നിലയം സ്ഥാപിക്കാന്‍ ചൈന പാകിസ്ഥാന് സാമ്പത്തിക സഹായം നല്‍കും. ആണവ നിലയത്തിനായി 4.8 ബില്യണ്‍ ഡോളറിന്റെ കരാറില്‍ ചൈന ഒപ്പുവച്ചു. പഞ്ചാബിലെ മിയാന്‍വാലി ജില്ലയിലെ ചഷ്മയിലാണ് ആണവ നിലയം സ്ഥാപിക്കുന്നത്. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ സാന്നിധ്യത്തിലാണ് ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ കരാറില്‍ ഒപ്പുവെച്ചത്.
പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആണവ നിലയ കരാറില്‍ ഒപ്പുവെച്ചതെന്ന് പ്രധാനമന്ത്രി ഷെരീഫ് വിശേഷിപ്പിച്ചു. പദ്ധതി കാലതാമസം കൂടാതെ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. ഊര്‍ജ പദ്ധതി വൈകിപ്പിച്ചതിന് ഇമ്രാന്‍ ഖാന്റെ കീഴിലുള്ള മുന്‍ സര്‍ക്കാരിനെ അദ്ദേഹം വിമര്‍ശിച്ചു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന് 4.8 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ചൈന വാഗ്ദാനം ചെയ്യുന്നത്. പദ്ധതിക്കായി ചൈനീസ് കമ്പനികള്‍ക്ക് പ്രത്യേക ഇളവുകള്‍ നല്‍കിയിട്ടുണ്ടെന്നും ഷെരീഫ് പറഞ്ഞു.
ചൈനയുടെയും മറ്റ് സൗഹൃദ രാജ്യങ്ങളുടെയും സഹായത്തോടെ പാകിസ്ഥാന്‍ നിലവിലെ സാമ്പത്തിക പ്രതിസന്ധികളില്‍ നിന്ന് കരകയറുമെന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. വായ്പ ലഭിക്കുന്നതിനായി അന്താരാഷ്ട്ര നാണയ നിധിയുമായി ചര്‍ച്ച തുടരുകയാണന്നും ഐഎംഎഫ് മുന്നോട്ടുവെച്ച എല്ലാ വ്യവസ്ഥകളും പാലിച്ചിട്ടുണ്ടെന്നും ഷെരീഫ് പറഞ്ഞു. പാക് സര്‍ക്കാരിന് സഹായം നല്‍കിയതിന് സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഖത്തര്‍ എന്നീ രാജ്യങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. പാകിസ്ഥാന്‍ ആണവോര്‍ജ കമ്മിഷന്റെ കണക്കനുസരിച്ച് നിലവിലുള്ള നാല് പവര്‍ പ്ലാന്റുകളുടെ ശേഷി 1,330 മെഗാവാട്ട് ഊര്‍ജോല്‍പദനമാണ്.
വിദേശ കടവും വിലക്കയറ്റവും കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് പാകിസ്ഥാന്‍ നേരിടുന്നത്. കടത്തില്‍ നിന്ന് കരകയറാന്‍ സാമ്പത്തിക സഹായത്തിനായി പാക് സര്‍ക്കാര്‍ ഐഎംഎഫിനെ സമീപിച്ചിരിക്കുകയാണ്.