അരുണാചല്‍ അതിര്‍ത്തിയില്‍ ചൈനയുടെ സ്വര്‍ണഖനനം ഇന്ത്യയുമായി പുതിയ പോര്‍മുഖം

ന്യൂഡല്‍ഹി: അരുണാചല്‍ അതിര്‍ത്തിയില്‍ ചൈനയുടെ സ്വര്‍ണഖനനം ഇന്ത്യയുമായി പോര്‍മുഖം തുറക്കുന്നു. അരുണാചല്‍ പ്രദേശിനോട് ചേര്‍ന്ന അതിര്‍ത്തിയില്‍ 60 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഖനിയാണ് കണ്ടെത്തിയതെന്നാണ് ഹോങ്കോങ്ങില്‍ നിന്നുള്ള സൗത് ചൈന മോണിങ് പോസ്റ്റ് തങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

സ്വര്‍ണം, വെള്ളി തുടങ്ങിയ അമൂല്യ ധാതുക്കളുടെ ശേഖരമാണ് ഖനിയിലുള്ളത്. ചൈനീസ് നിയന്ത്രിത മേഖലയില്‍ ലുന്‍സെ കൗണ്ടിയിലാണ് ഖനിയുള്ളത്. ഇവിടെ വന്‍തോതിലുള്ള ഖനനമാണ് നടക്കുന്നത്. ദക്ഷിണ തിബറ്റിന്റെ ഭാഗമാണ് അരുണാചല്‍ പ്രദേശ് എന്നാണ് ചൈന അവകാശപ്പെടുന്നത്.

china

ദക്ഷിണ തിബറ്റിനെ തിരിച്ചുപിടിക്കാനുള്ള ബീജിങ്ങിന്റെ പദ്ധതിയുടെ ഭാഗമാണ് ഖനി എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങളെ പുതിയ തലങ്ങളില്‍ എത്തിക്കുന്നതായിരിക്കും ചൈനയുടെ ഈ ഖനനം എന്നാണ് വിലയിരുത്തല്‍. ഇന്ത്യയുടെ ഭാഗമാണ് അരുണാചല്‍ പ്രദേശ് എന്നതാണ് ഇന്ത്യ ഉയര്‍ത്തുന്നത്.

1962ലെ യുദ്ധത്തിനു ശേഷം സമാധാനകരാറില്‍ ചൈന ഇവിടം വിട്ടതാണ്. എന്നാല്‍ അരുണാചല്‍ പ്രദേശ് ചൈനയുടെ ഭാഗമെന്ന നിലപാടാണ് ചൈന. അരുണാചലിന്റെ പലപ്രദേശങ്ങളിലും ചൈനീസ് സൈന്യം അതിക്രമിച്ചെത്തി സ്വാധീനമുറപ്പിച്ചിട്ടുണ്ട്.

india

ദോക്‌ലാമില്‍ ഇന്തോ- ചൈനീസ് പട്ടാളം മുഖാമുഖം നിന്ന് 76 ദിവസത്തെ യുദ്ധസമാനമായ സാഹചര്യത്തില്‍ നിന്നും സമാധാനത്തിലേക്കു പിന്‍വാങ്ങിയ ഇന്ത്യയും ചൈനയും വീണ്ടും സംഘര്‍ഷസാധ്യത ഒരുക്കുന്നതാണ് അരുണാചലിലെ സ്വര്‍ണ ഖനി എന്ന ആശങ്കയാണ് ലോകരാജ്യങ്ങള്‍ക്കുള്ളത്.

സ്വര്‍ണഖനി കണ്ടെത്തിയ ലുന്‍സെ കൗണ്ടിയിലേക്ക് വന്‍ റോഡുകളും കെട്ടിടങ്ങളും വിമാനത്താവളവും നിര്‍മ്മിക്കാനുള്ള പദ്ധതിയിലാണ് ചൈന. ഇവിടേക്ക് സുരക്ഷക്കായി സൈനിക നീക്കവും നടത്തുന്നുണ്ട്.

Top