ബാങ്കില്‍ നിന്ന് ഡിജിറ്റല്‍ക്രിപ്‌റ്റോ കറന്‍സിയിലേക്കു മാറാനുള്ള ശ്രമത്തിലാണ് ചൈന. ഒറ്റ രാത്രികൊണ്ട് കറന്‍സി പിന്‍വലിക്കുന്നതിനു പകരം പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായ ഒരു ഡിജിറ്റല്‍ നാണയസംവിധാനം ഒരുക്കിയതിനു ശേഷം ഇടപാടുകളെ ബാധിക്കാത്ത തരത്തിലുള്ള മാറ്റത്തിനാണ് ചൈനയുടെ ശ്രമിക്കുന്നത്.
രാജ്യത്തിന്റെ സ്വന്തം ഡിജിറ്റല്‍ കറന്‍സി സൃഷ്ടിക്കാനുള്ള ശ്രമം ചൈന ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. ബിറ്റ്‌കോയിനു സമാനമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ കറന്‍സിയിലേക്കു രാജ്യം മാറുമെന്ന സൂചന ചൈനീസ് സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ ഏതാനും മാസങ്ങളായി പങ്കുവയ്ക്കുന്നുണ്ട്.
ബിറ്റ്‌കോയിന്‍ ചൈനയുടെ ഔദ്യോഗിക കറന്‍സിയാക്കി മാറ്റണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നെങ്കിലും പൂര്‍ണമായും ചൈനയുടെ സെന്‍ട്രല്‍ ബാങ്കിന്റെ നിയന്ത്രണത്തിലുള്ള ഒരു വെര്‍ച്വല്‍ കറന്‍സി അവതരിപ്പിക്കാനാണ് നീക്കം. വെര്‍ച്വല്‍ കറന്‍സി രംഗത്തെത്തിയാലും ഏതാനും വര്‍ഷങ്ങള്‍ കൂടി കറന്‍സി നോട്ടുകളും പ്രചാരത്തിലുണ്ടാവും എന്നാണ് ചൈനീസ് സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ നല്‍കുന്ന സൂചന.