ബെയ്ജിങ് : പൂര്‍ണമായും നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശ കേന്ദ്രം ഭൂമിയില്‍ പതിക്കുമെന്നുറപ്പായി. ചൈനയുടെ ആദ്യത്തെ ബഹിരാകാശ കേന്ദ്രം, ഹെവന്‍ലി പാലസ് എന്നറിയപ്പെടുന്ന ടിയാംഗോങ്-1 നാണ് നിയന്ത്രണം നഷ്ടമായത്.
എന്നാല്‍ അടുത്തവര്‍ഷം പകുതിയോടെയേ ഇതു ഭൂമിയിലേക്ക് ഇടിച്ചിറങ്ങൂവെന്ന് ചൈനീസ് ബഹിരാകാശ വകുപ്പ് അധികൃതര്‍ അറിയിച്ചു. പക്ഷേ, ഇതെവിടെയാവും വീഴുകയെന്നു വ്യക്തമല്ല. 8.5 ടണ്ണാണ് ആളില്ലാ ബഹിരാകാശ കേന്ദ്രത്തിന്റെ ഭാരം.
ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുമ്പോള്‍ ബഹിരാകാശ കേന്ദ്രത്തിന്റെ മിക്ക ഭാഗങ്ങളും കത്തിനശിക്കുമെന്നു ചൈനയുടെ ബഹിരാകാശ എന്‍ജിനീയറിങ് വിഭാഗം ഡപ്യൂട്ടി ഡയറക്ടര്‍ വു പിങ് അറിയിച്ചു. വളരെക്കുറച്ചു ഭാഗങ്ങളെ ഭൂമിയില്‍ പതിക്കാനിടയുള്ളൂ. അവയ്ക്ക് ഏകദേശം നൂറു കിലോയോളം ഭാരമുണ്ടാകും. അവ വന്‍ നാശനഷ്ടം ഉണ്ടാക്കില്ലെന്നാണു കരുതുന്നതെന്നും പിങ് പറഞ്ഞു.
ബഹിരാകാശത്തു ചൈനയെ സൂപ്പര്‍ പവറാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് 2011ല്‍ ടിയാംഗോങ്-1 വിക്ഷേപിച്ചത്. യന്ത്രത്തകരാറോ സാങ്കേതിക തകരാറോ ആണ് പേടകത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണം.
രണ്ടര വര്‍ഷമാണ് ടിയാംഗോങ്-1 ന്റെ കാലാവധി നിശ്ചയിച്ചിരുന്നതെങ്കിലും നാലര വര്‍ഷത്തോളം കുഴപ്പം കൂടാതെ അതു പ്രവര്‍ത്തിച്ചിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ കേന്ദ്രം ഡീ-കമ്മിഷന്‍ ചെയ്തിരുന്നു.