ഉലഞ്ഞ ബന്ധങ്ങള്‍ക്കിടെ തായ് വാന്‍ പുനരേകീകരണത്തിന് ചൈന

ബീജിംഗ്: ദ്വീപിനെതിരായ സംഘര്‍ഷം തുടരുന്നതിനിടെ, തായ് വാന്‍ പുനരേകീകരണം പൂര്‍ത്തിയാക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് പറഞ്ഞു. 1911ല്‍ ചൈനയുടെ അവസാന സാമ്രാജ്യത്വവംശത്തെ അട്ടിമറിച്ച വിപ്ലവത്തിന്റെ 110 -ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമാധാനപരമായി ഏകീകരണം കൈവരിക്കണമെന്ന് ഷി പറഞ്ഞു. എന്നാല്‍ ചൈനീസ് ജനതയ്ക്ക് വിഘടനവാദത്തെ എതിര്‍ക്കുന്നതിനുള്ള മഹത്തായ പാരമ്പര്യമുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി.

ഇതിന് മറുപടിയായി തായ് വാന്‍ തങ്ങളുടെ ഭാവി അവരുടെ ജനങ്ങളുടെ കൈകളിലാണെന്ന് പറഞ്ഞു. തായ് വാന്‍ സ്വയം ഒരു പരമാധികാര രാജ്യമായി കണക്കാക്കുന്നു. അതേസമയം ചൈന അതിനെ ഒരു വിഘടിത പ്രവിശ്യയായി കാണുന്നു.

ഏകീകരണം നേടാന്‍ ബലം പ്രയോഗിക്കാനുള്ള സാധ്യത ബീജിംഗ് തള്ളിക്കളഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ചൈന തായ് വാനിലെ വ്യോമ പ്രതിരോധ മേഖലയിലേക്ക് റെക്കോര്‍ഡ് സൈനിക വിമാനങ്ങള്‍ അയച്ചതിന് ശേഷമാണ് ഷിയുടെ ഇടപെടല്‍. ഞായറാഴ്ച ദ്വീപിന്റെ ദേശീയ ദിനത്തിന് മുന്നോടിയായി തായ് വാന്‍ പ്രസിഡന്റിനുള്ള മുന്നറിയിപ്പായി ഈ വിമാനങ്ങളെ കാണാമെന്ന് ചില വിദഗ്ധര്‍ പറയുന്നു. ചൈനയുമായുള്ള സംഘര്‍ഷം 40 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയിലാണെന്ന് തായ് വാന്‍ പ്രതിരോധ മന്ത്രി പറഞ്ഞു.

Top