ന്യൂഡല്‍ഹി: അരുണാചല്‍ അതിര്‍ത്തിയിലെ അപ്പര്‍ സുബാന്‍സിരി ജില്ലയില്‍ ഇന്ത്യയുടെ സ്ഥലത്ത് ചൈനയുടെ ഗ്രാമമെന്ന പേരിലുള്ളത് അവരുടെ പട്ടാള ക്യാമ്പെന്നു കണ്ടെത്തല്‍. ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ 100 വീടുള്ള ഗ്രാമം ചൈന നിര്‍മിച്ചതായി യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. അതു ഗ്രാമമല്ലെന്നും ഏറെനാളായി പ്രവര്‍ത്തിക്കുന്ന ചൈനയുടെ പട്ടാള ക്യാംപ് ആണെന്നും സ്ഥലത്തെക്കുറിച്ചു പഠിക്കാന്‍ അരുണാചല്‍ സര്‍ക്കാര്‍ നിയോഗിച്ച അഡീഷനല്‍ ഡപ്യൂട്ടി കമ്മിഷണര്‍ ഡി.ജെ. ബോറ വെളിപ്പെടുത്തി.
അതിര്‍ത്തിയില്‍ സ്ഥിരമായി നിലയുറപ്പിക്കുന്നതിനുള്ള സന്നാഹങ്ങളാണു ചൈനീസ് സേന അവിടെ സജ്ജമാക്കിയിട്ടുള്ളത്. വീടുകളെന്ന പേരില്‍ കെട്ടിപ്പൊക്കിയത് ആയുധപ്പുരകളാണെന്നാണു സൂചന. കഴിഞ്ഞ വര്‍ഷമാണു ബോറയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തു പരിശോധന നടത്തിയത്. സൈനിക ആവശ്യങ്ങള്‍ക്കായുള്ള വലിയ കെട്ടിടങ്ങളാണ് അവിടെ കണ്ടതെന്നു ബോറ പറഞ്ഞു.
1962ലെ യുദ്ധത്തില്‍ അതിര്‍ത്തിയിലെ അവസാന ഇന്ത്യന്‍ സേനാ പോസ്റ്റ് നിലകൊണ്ട സ്ഥലമാണിത്. യുദ്ധത്തില്‍ പ്രദേശം പിടിച്ചെടുത്ത ചൈന, ഏതാനും വര്‍ഷങ്ങള്‍ മുന്‍പാണു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കിഴക്കന്‍ ലഡാക്കില്‍ സംഘര്‍ഷം പുകയുന്ന സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ മറ്റൊരിടത്തു കൂടി പ്രശ്‌നം സൃഷ്ടിക്കാനുള്ള ചൈനയുടെ ഗൂഢനീക്കമായാണു സേന ഇതിനെ കാണുന്നത്. പെന്റഗണ്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.