ലഡാക്ക്: ചൈനീസ് സൈന്യം ഉത്തരാഖണ്ഡില്‍ കടന്നു കയറിയതായി റിപ്പോര്‍ട്ട്. നൂറിലധികം സൈനികര്‍ കടന്നുകയറി പാലത്തിനും ചില നിര്‍മിതികള്‍ക്കും കേടുപാടുകള്‍ വരുത്തി. കിഴക്കന്‍ ലഡാക്കിലെ ചൈനീസ് പിന്‍മാറ്റത്തിനിടെയുണ്ടായ കടന്നുകയറ്റം ആശങ്കയോടെയാണ് സുരക്ഷാ ഏജന്‍സികള്‍ വീക്ഷിക്കുന്നത്.
ഉത്തരാഖണ്ഡിലെ ബറഹോട്ടിയില്‍ നന്ദദേവി ദേശീയ ഉദ്യാനത്തിന് അടുത്ത് ഓഗസ്റ്റ് 30നാണ് ചൈനീസ് പ്രകോപനമുണ്ടായത്. ടുണ്‍ ജുണ്‍ ലാ പാസ് വഴി അഞ്ചു കിലോ മീറ്ററോളം ചൈനീസ് സൈനികര്‍ അകത്തേയ്ക്ക് കടന്നു കയറി. ഇന്ത്യയുടെ ഭാഗത്തെ പാലം അടക്കം അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കേടുവരുത്തി. 100ലധികം പട്ടാളക്കാര്‍ 55 കുതിരകളിലായാണ് എത്തിയത്. മൂന്ന് മണിക്കൂറോളം ഇന്ത്യയുടെ ഭാഗത്ത് ചെലവഴിച്ചു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് െഎടിബിപിയും സൈന്യവും സ്ഥലത്തെത്തി. അപ്പോഴേയ്ക്കും ചൈനീസ് സൈനികര്‍ തിരികെ പോയി. എന്നാല്‍ സംഘര്‍ഷ സാഹചര്യമുണ്ടായിട്ടില്ല.
1954ല്‍ ചൈനീസ് സൈന്യം കടന്നു കയറിയ പ്രദേശമാണ് ബറഹോട്ടി. അത് 1962ലെ യുദ്ധത്തിലാണ് കലാശിച്ചത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇടയ്ക്ക് കടന്നുകയറ്റം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അതിര്‍ത്തിയെക്കുറിച്ച് ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലെ വ്യത്യസ്ത സമീപനം കടന്നുകയറ്റത്തിന് കാരണമായെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിലപാട്. ബറഹോട്ടിക്ക് അടുത്ത് ചൈന സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചിട്ടുണ്ട്. വ്യോമത്താവളവും സജ്ജമാക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
നേരത്തെ, കിഴക്കന്‍ ലഡാക്കില്‍ എല്‍എസിക്ക് സമീപം ചൈന എട്ടിടങ്ങളില്‍ സൈനികര്‍ക്കായി ടെന്റുകള്‍ നിര്‍മിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതിര്‍ത്തിയിലെ വിവിധ മേഖലകളില്‍ എയര്‍ സ്ട്രിപ്പുകളുടെ നിര്‍മ്മാണവും ധ്രുതഗതിയിലാണെന്ന് രഹസ്യാന്വേഷണ എജന്‍സികള്‍ അറിയിച്ചു.
ഒരു വര്‍ഷത്തിലേറെയായി സംഘര്‍ഷം തുടരുന്ന കിഴക്കന്‍ ലഡാക്കിലെ ഗോഗ്ര പോസ്റ്റില്‍ നിന്നും ഇന്ത്യയും ചൈനയും സൈന്യങ്ങളെ ഓഗസ്റ്റില്‍ പൂര്‍ണ്ണമായും പിന്‍വലിച്ചിരുന്നു. പ്രധാന സംഘര്‍ഷ മേഖലകളില്‍ ഒന്നായ പട്രോളിംഗ് പോയിന്റ് 17, അഥവാ ഗോഗ്ര പോസ്റ്റില്‍ നിന്നും ഇരു രാജ്യങ്ങളും സൈന്യത്തെ പിന്‍വലിച്ചു. താല്‍ക്കാലിക നിര്‍മ്മിതികളും ടെന്‍ഡുകളും ഇരു സൈന്യങ്ങളും പൊളിച്ചുനീക്കിയെന്നു പരസ്പരം ഉറപ്പുവരുത്തിയിരുന്നു.
എന്നാല്‍, 2020 മെയ് മുതല്‍ മുഖാമുഖം നിന്നിരുന്ന സേനകള്‍, സ്ഥിരം തവളങ്ങളിലേക്ക് പിന്മാറി. ഓഗസ്റ്റ് 04, 05 എന്നീ ദിവസങ്ങളിലായാണ് സേനാ പിന്‍മാറ്റം പൂര്‍ത്തിയാക്കിയത്. ജൂലൈ 31ന് കിഴക്കന്‍ ലഡാക്കിലെ ചുഷുല്‍ മോള്‍ഡോ മീറ്റിംഗ് പോയിന്റില്‍ ഇരുരാജ്യങ്ങളുടെയും കോര്‍ കമാന്‍ഡര്‍മാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലെ ധാരണ അനുസരിച്ചായിരുന്നു സേനാ പിന്‍മാറ്റം. പ്രധാന സംഘര്‍ഷ പ്രദേശമായ ഗാല്‍വന്‍ താഴ്വരയില്‍ നിന്നും ഇരു സൈന്യങ്ങളും നേരത്തെ പിന്‍മാറിയിരുന്നു. സേനാ മുന്നേറ്റം ഇനി ഉണ്ടാകില്ലെന്നും, ബാക്കിയുള്ള മേഖലകളിലെ തര്‍ക്കം തുടര്‍ ചര്‍ച്ചകളില്‍ ഘട്ടംഘട്ടമായി പരിഹരിക്കാനും ഇരു സൈന്യങ്ങളും തമ്മില്‍ ധാരണയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ ആശങ്കകള്‍ സൃഷ്ടിക്കുന്നതാണ്.