ടാറ്റാ മോട്ടോഴ്‌സിന്റെ കൂട്ടുപിടിച്ച് ചൈനീസ് വാഹനഭീമന്മാരായ ചെറി ഓട്ടോമൊബൈല്‍സും ഇന്ത്യന്‍ നിരത്തിലേക്ക്.
ടാറ്റാ മോട്ടോഴ്സ് ലിമിറ്റഡിന്റെ ബോര്‍ഡ് വിവിധ പദ്ധതികളിലൂടെ ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള പാസഞ്ചര്‍ വാഹന ബിസിനസിന് സബ്സിഡിയറി നല്‍കാനുള്ള പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. ചൈനീസ് കമ്പനിയായ ചെറി തന്ത്രപരമായ നിക്ഷേപം നടത്തുകയും സാങ്കേതിക പങ്കാളിയാകാനും ബോര്‍ഡ് അംഗീകാരം നല്‍കി. 2021 -ഓടെ ഈ പങ്കാളിത്തം സജീവമാക്കാനാണ് തീരുമാനം.
നിലവില്‍ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ബ്രീട്ടീഷ് ആഡംബര ബ്രാന്‍ഡായ ജഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ചൈനീസ് പങ്കാളിയാണ് ചെറി. ചൈനീസ് വാഹനവിപണിയില്‍ ടാറ്റയുടെയും ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെയും വാഹനങ്ങള്‍ എത്തിക്കുന്നതിനായി ടാറ്റയും ചെറിയും 2012-ല്‍ കരാറിലെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2014-ല്‍ ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ നിര്‍മാണശാല ചൈനയില്‍ തുറന്നത്.
ചൈനയില്‍നിന്ന് കയറ്റുമതി ചെയ്യുന്ന കാറുകളില്‍ മുന്‍നിരയിലുള്ളവരാണ് ചെറി. 2017-ല്‍ തന്നെ ഇവര്‍ ഇന്ത്യയിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ടാറ്റയുമായി സഹകരിച്ച് ഇന്ത്യന്‍ വിപണി പിടിച്ചെടുക്കലാണ് ചെറിയുടെ ലക്ഷ്യം. ബ്രാന്‍ഡിന്റെ ഭാവി ഇലക്ട്രിക്ക് വാഹനങ്ങളുടെ പ്രൊജക്ടുകളിലും അനുബന്ധ സാങ്കേതികവിദ്യയിലും നിക്ഷേപം നടത്തുമെന്നാണ് സൂചനകള്‍.