വീണ്ടും ലോക്ഡൗണില്‍ ചൈനീസ് നഗരം; സ്ഥാപനങ്ങള്‍ അടക്കം അടച്ചുപൂട്ടി

സിയാന്‍: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചൈനീസ് നഗരമായ സിയാന്‍ വീണ്ടും ലോക്ഡൗണിലേക്ക്. ബുധനാഴ്ച പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം അവശ്യവസ്തുക്കള്‍ വാങ്ങാന്‍ രണ്ട് ദിവസത്തിലൊരിക്കല്‍ ഒരുവീട്ടില്‍ നിന്ന് ഒരാള്‍ക്ക് മാത്രമേ പുറത്തിറങ്ങാന്‍ അനുവാദമുള്ളൂ.

വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതലാണ് നഗരത്തില്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നത്. എന്നുവരെയാണ് നിയന്ത്രണങ്ങള്‍ എന്നതിനെ കുറിച്ച് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ദീര്‍ഘദൂര ബസ് സ്റ്റേഷനുകള്‍ ഇതിനകം അടച്ചു. നഗരത്തിലേക്കുള്ള റോഡുകളില്‍ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

സിയാന്‍ വിമാനത്താവളത്തില്‍ നിന്നുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. അത്യാവശ്യമല്ലാത്ത ബിസിനസുകളും അടച്ചുപൂട്ടി. പ്രാദേശിക സര്‍ക്കാര്‍ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശം നല്‍കി. മുന്‍കരുതലെന്ന നിലയില്‍ ബാറുകള്‍, ജിമ്മുകള്‍, സിനിമാശാലകള്‍ തുടങ്ങിയ ഇന്‍ഡോര്‍ സൗകര്യങ്ങള്‍ കഴിഞ്ഞ വാരാന്ത്യത്തില്‍ തന്നെ അടച്ചിരുന്നു.

ഡിസംബര്‍ ഒമ്പതു മുതല്‍ വടക്കന്‍ നഗരത്തില്‍ 143 കൊവിഡ് കേസുകളാണ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ രാജ്യത്ത് കൂടുതലും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ഡെല്‍റ്റ വകഭേദമാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഒമിക്രോണ്‍ വകഭേദത്തെ കുറിച്ച് എവിടെയും പരാമര്‍ശിക്കുന്നില്ല. സിയന്‍ നഗരം ഇരട്ടപകര്‍ച്ചവ്യാധി നേരിടുകയാണ് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

അടുത്ത ഫെബ്രുവരിയില്‍ ശീതകാല ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുകയാണ് ചൈന. അതുകൊണ്ട് തന്നെ കോവിഡിനെ ചെറുക്കാനുള്ള അതീവ ജാഗ്രതയാണ് രാജ്യത്ത് നടക്കുന്നത്. ശീതകാല ഒളിമ്പിക്‌സിന്റെ ഏറ്റവും വലിയ വെല്ലുവിളി കോവിഡ് -19 ആണെന്ന് ചൈന സമ്മതിച്ചിട്ടുണ്ട്. ലോകത്ത് ആദ്യമായി കൊറോണ വൈറസ് കണ്ടെത്തിയ ചൈനയില്‍ 113,000 കേസുകളും 4,849 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.

Top